സാങ്കേതിക നടപടിക്രമങ്ങളിലും സ്ഥലമേറ്റെടുപ്പിലും ഉയർന്നുവന്ന തടസങ്ങളായിരുന്നു കാലതാമസത്തിന് കാരണം
കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം. ഉള്ളൂർക്കടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികക്കുരുക്കുകൾ അഴിച്ച് ടെൻഡർ ചെയ്തതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെയും ചെങ്ങോട്ടുകാവ്, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന് ഓരോ ഘട്ടത്തിലും ഉയർന്നുവന്ന തടസ്സങ്ങളെല്ലാം തീർത്താണ് ടെൻഡറിലേക്കെത്തിയത്.
സാങ്കേതിക നടപടിക്രമങ്ങളിലും സ്ഥലമേറ്റെടുപ്പിലും ഉയർന്നുവന്ന തടസ്സങ്ങളായിരുന്നു കാലതാമസത്തിനു കാരണമായത്.
സ്ഥലമുടമകളുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ എല്ലാവരും മുൻകൂറായി അടയാളപ്പെടുത്തിയ സ്ഥലം വിട്ടുനൽകാൻ തയാറായി.
30 സ്ഥലമുടമകളാണ് ഇത്തരത്തിൽ മുന്നോട്ടുവന്നത്. ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ നടക്കുകയാണ്.
തുടക്കത്തിൽ 8.50 കോടി അടങ്കലിൽ നിർമാണം പൂർത്തീകരിക്കാമെന്നു കരുതി തുക വകയിരുത്തിയ പാലത്തിനു പിന്നീട് കാലതാമസം നേരിട്ടതോടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കേണ്ടിവന്നു. 16.25 കോടി രൂപ അടങ്കൽ കണക്കാക്കുന്ന പുതിയ എസ്റ്റിമേറ്റ് 2020 ജൂണിലാണ് ധനവകുപ്പ് അംഗീകരിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി നോട്ടിഫൈ ചെയ്തതോടെ പാലത്തിെൻറ സെൻറർ സ്പാനിലും സെൻറർ പില്ലർ ഡിസൈനിങ്ങിലും ചെറിയ മാറ്റങ്ങൾ വേണ്ടിവന്നു. സംസ്ഥാന സർക്കാർ ബജറ്റിലാണ് ഈ പാലത്തിനുള്ള തുക വകയിരുത്തിയത്.
എൻ.എച്ച് 17ൽ ചെങ്ങോട്ടുകാവിനെയും എൻ.എച്ച് 38ൽ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലത്തിെൻറ നിർമാണം പൂർത്തിയാകുന്നതോടെ അത്തോളി, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. കൊയിലാണ്ടിയിലുള്ളവർക്ക് മലബാർ മെഡിക്കൽ കോളജിലേക്കും എളുപ്പത്തിൽ എത്താം. ആകെ ഒമ്പത് സ്പാനുകളിലായാണ് പാലം രൂപകൽപന ചെയ്തത്. ഇരുവശത്തും നടപ്പാതയുൾപ്പെടെ 12 മീറ്റർ വീതിയും 250 മീറ്റർ നീളവുമാണ് പാലത്തിനുണ്ടാവുക. ജനുവരി 18ന് ടെൻഡർ തുറക്കുമെന്നും നിർമാണമാരംഭിച്ച് 16 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.