കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയമായി. ഇനി നഗരസഭ സ്റ്റേഡിയമാകുമോ? കാൽ നൂറ്റാണ്ടിന്റെ കൈമാറ്റ വ്യവസ്ഥ ഡിസംബർ 17ന് അവസാനിക്കുകയാണ്.
നഗരസഭക്ക് കൈമാറണമെന്ന ആവശ്യം ശക്തമാണ്. കൗൺസിലിനുള്ള കൈമാറ്റം വമ്പൻ അബദ്ധമായെന്ന് പിന്നീട് തെളിഞ്ഞു. ഇന്ത്യൻ ഫുട്ബാളിൽ നിറഞ്ഞാടിയ പ്രമുഖർ ഉൾപ്പെടെ നിരവധി താരങ്ങൾ പന്തുതട്ടി വളർന്ന മൈതാനം ഇതോടെ നാശോന്മുഖമായി. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമെന്ന വാഗ്ദാനം നൽകി കായിക പ്രേമികളെ കബളിപ്പിക്കുകയായിരുന്നു.
സ്ഥലം കിട്ടിയതോടെ വാണിജ്യ താൽപര്യത്തിനായിരുന്നു മുൻതൂക്കം നൽകിയത്. കിഴക്കും പടിഞ്ഞാറും ഗാലറിയും അനുബന്ധമായി കടമുറികളും പണിതു മികച്ച കളിക്കളമെന്ന ആശയം പണത്തിന് മുന്നിൽ ഹോമിക്കപ്പെട്ടു. മുറികളുടെ വാടകയിനത്തിൽ നേടിയതിന്റെ ചെറിയഭാഗം പോലും സ്റ്റേഡിയമെന്ന് വാക്കുകളിൽ മാത്രം പറയുന്ന കളിസ്ഥലത്തിന്റെ നവീകരണത്തിന് ഉപയോഗിച്ചില്ല.
വിശാലമായിരുന്ന ഹൈസ്കൂൾ മൈതാനി സെവൻസ് ഗ്രൗണ്ട് മാത്രമായി ചുരുങ്ങി. നഗരസഭ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചപ്പോൾ അവിടെയുള്ള കച്ചവടക്കാരെ കുടിയിരുത്താനെന്നു പറഞ്ഞ് കിഴക്കുഭാഗത്ത് കായിക താരങ്ങൾക്കു മാറ്റിവെച്ച ഇടവും സ്വന്തമാക്കി വാടകക്കു നൽകി വരുമാനം വർധിപ്പിച്ചു.
ഇവിടെ കച്ചവടം ചെയ്യുന്നവരിൽ നല്ലൊരു ഭാഗവും അർഹരുമല്ല. കൊയിലാണ്ടിക്ക് ഫയർസ്റ്റേഷൻ അനുവദിച്ചപ്പോൾ താൽക്കാലിക സംവിധാനമെന്ന പേരിൽ പ്രവർത്തനം തുടങ്ങിയതും ഗ്രൗണ്ടിൽ. ഇതിനും വാടകയുണ്ട്. പഴയ നിലയിലേക്ക് കൊണ്ടുവരാനായില്ലെങ്കിലും തിരിച്ചുപിടിക്കലിന് ശ്രമം നടത്തണമെന്നാണ് കായികരംഗത്തെ നെഞ്ചോട് ചേർത്ത നാട്ടുകാരുടെ ആവശ്യം. മറ്റൊരു ദുരന്തവും അരങ്ങേറിയിരുന്നു.
പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന് പ്രസംഗിക്കാൻ നിരവധി ചവിട്ടുപടികളുമായി നിർമിച്ച അതി മനോഹരമായ സ്റ്റേജും ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനുവേണ്ടി തകർത്തു. കരിങ്കല്ലിൽ പണിത സ്റ്റേജ് ചരിത്രസ്മാരകമായി മാറേണ്ടതായിരുന്നു. സ്റ്റേഡിയം നഗരസഭക്കു വിട്ടു നൽകണമെന്ന് തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് പ്രമേയം അവതരിപ്പിച്ചു സ്പോട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭക്ക് വിട്ടുനൽകണമെന്ന് ആർ.ജെ.ഡി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൊയിലാണ്ടി സ്റ്റേഡിയം പാട്ട കാലാവധി കഴിയുമ്പോൾ കൊയിലാണ്ടി മുനിസിപ്പാലിക്ക് തിരിച്ച് കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി കൊയിലാണ്ടി മുനിസിപ്പൽ ഏരിയ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.പി. ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, രജീഷ് മാണിക്കോത്ത്, സി.കെ. ജയദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.