കൊയിലാണ്ടി: മത്സ്യത്തിന്റെ വിലവർധനയും ലഭ്യതക്കുറവും മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞാൽ ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട അയില, മത്തി ഉൾപ്പെടെ മത്സ്യങ്ങൾ ധാരാളം ലഭിക്കുക പതിവായിരുന്നു. എന്നാൽ, ഇത്തവണ നിരോധനം പിൻവലിച്ചിട്ടും മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്. അയിലയും മത്തിയും ഒരാഴ്ചയായി ഉൾനാടൻ മാർക്കറ്റിൽ ലഭിക്കുന്നില്ലെന്നാണ് ജനം പറയുന്നത്.
ചെറിയ ആവോലിയാണ് മാർക്കറ്റിൽ ഇപ്പോൾ പൊതുവെ വിലക്കുറവുള്ള മീൻ. എന്നാൽ, ഇതര സംസ്ഥാനത്തുനിന്നാണ് ഇതിന്റെ വരവ്. ചിലത് ഫ്രീസറിൽ സൂക്ഷിച്ചതുകൊണ്ട് നിറം മാറി കേടായ നിലയിലായതിനാൽ പലരും ഇത് വാങ്ങുന്നില്ല. പുറത്തുനിന്ന് എത്തുന്ന മത്തിക്ക് 240 മുതൽ 280 വരെ വിലയുണ്ട്. അയിലക്കും വൻ വിലയാണ്. അയക്കൂറക്ക് കിലോ 700 മുതൽ 900 വരെയാണ് വില.
പൊതുവിൽ കോഴിയുടെ വിലക്കുറവുകൊണ്ട് ആളുകൾ മത്സ്യമാർക്കറ്റിനെ കൈയൊഴിഞ്ഞ മട്ടാണ്. മത്സ്യരംഗത്തെ പ്രതിസന്ധി കാരണം ഹാർബറിലും മത്സ്യമാർക്കറ്റിലും അനുബന്ധ ജോലി ചെയ്യുന്ന തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. കാലാവസ്ഥ വ്യതിയാനമാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
മിക്ക ദിവസങ്ങളിലും തൊഴിലാളികൾ വൻ വില ഇന്ധനത്തിന് നൽകി കടലിൽ പോയി ഒന്നും കിട്ടാതെ തിരിച്ചെത്തുന്ന സ്ഥിതിയാണ്. മഴയുടെ കാലം തെറ്റിയുള്ള വരവും ക്രമം തെറ്റിയുള്ള പെയ്ത്തുമാണ് മീൻലഭ്യതയെ ബാധിക്കുന്നത്. കടലിൽ കുഞ്ഞൻ മത്തി ധാരാളമായി ഉണ്ടെന്നും രണ്ടാഴ്ചത്തേക്കുകൂടി മത്സ്യബന്ധനത്തിന് നിരോധനമുണ്ടായാൽ നല്ല മത്സ്യസമ്പത്ത് ഉണ്ടാവുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
രാത്രികാല മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിയമനിർമാണത്തിലൂടെ മത്സ്യബന്ധനത്തിന് സമയം നിശ്ചയിക്കണമെന്നും വിദഗ്ധർ പറയുന്നു. കൂറ്റൻ വിദേശ കപ്പലുകൾക്ക് മത്സ്യം പിടിക്കാൻ കരയിൽ നിന്നുള്ള ദൂരപരിധി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. തൊഴിലില്ലാത്തതു കാരണം, മത്സ്യത്തൊഴിലാളികൾ വഞ്ചിക്കും വലക്കും ബാങ്കിൽനിന്നും വാങ്ങിയ വായ്പകളും ഭവന നിർമാണ വായ്പകളും തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.