കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

വികസനത്തിന് കാതോർത്ത് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ

കൊയിലാണ്ടി: നൂറ്റാണ്ട് പഴക്കമുള്ള കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിന് കാതോർക്കുന്നു. 1904ലാണ് സ്റ്റേഷൻ സ്ഥാപിതമായത്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ട്.

മംഗളൂരു -കോയമ്പത്തൂര്‍ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂര്‍ -എറണാകുളം ഇന്‍ര്‍സിറ്റി എക്സ്പ്രസ് എന്നിവക്ക് സ്റ്റോപ് വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. ഉച്ചക്ക് മംഗളൂരു -കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിൻ പോയാല്‍ വൈകീട്ട് 4.40നുള്ള മംഗളൂരു -ചെന്നൈ മെയില്‍ മാത്രമാണ് നിര്‍ത്തുന്നത്.

ഇടക്കുള്ള നാലേ മുക്കാല്‍ മണിക്കൂര്‍ ഷൊർണൂർ ഭാഗത്തേക്കുള്ള ഒരു ട്രെയിൻപോലും ഇവിടെ നിര്‍ത്തുന്നില്ല. കണ്ണൂര്‍ -എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്, മംഗളൂരു -കോയമ്പത്തൂര്‍ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ ഈ സമയത്ത് ഇതുവഴി പോകുന്നുണ്ട്.

വൈകീട്ട് 3.35നും നാലിനുമിടയില്‍ കൊയിലാണ്ടി വഴിപോകുന്ന ഇന്റർസിറ്റി എക്‌സ്പ്രസുകള്‍ രണ്ടു മിനിട്ട് നിര്‍ത്തുന്നത് ഈ ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കില്ല. കോവിഡ് വ്യാപനത്തിനുമുമ്പ് നിർത്തിയ ട്രെയിനുകളിൽ പലതും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

തിരുവനന്തപുരം -മംഗളൂരു മാവേലി എക്സ്പ്രസിന് ഇപ്പോള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല. പ്രതിവാര വണ്ടികളായ തിരുവനന്തപുരം -വെരാവൽ എക്സ്പ്രസ് (16334), നാഗര്‍കോവില്‍ -ഗാന്ധിദാം എക്സ്പ്രസ് (16336), കൊച്ചുവേളി -ശ്രീഗംഗാനഗര്‍ എക്സ്പ്രസ് (16312) എന്നിവയുടെ ഒരുവശത്തേക്കുള്ള സ്റ്റോപ്പും എടുത്തുമാറ്റിയിട്ടുണ്ട്.

മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ് അനുവദിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. രാത്രി 10ന് മലബാര്‍ എക്‌സ്പ്രസ് പോയാല്‍ ഷൊർണൂര്‍ ഭാഗത്തേക്ക് പുലർച്ചയുള്ള എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് വരുന്നതുവരെ കാത്തിരിക്കണം. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് നിര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

സ്റ്റേഷനില്‍ മുഴുവന്‍സമയ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമില്ല. തൽക്കാല്‍ റിസര്‍വേഷനായി കോഴിക്കോട്, വടകര സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ്ഫോം മേല്‍ക്കൂരക്ക് നീളം കുറവാണ്. മുന്നിലെയും പിന്നിലെയും കമ്പാര്‍ട്ട്മെന്റുകൾ പ്ലാറ്റ്ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ് നിൽക്കുക. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ളസംവിധാനം എന്നിവ ആവശ്യത്തിന് ഇല്ലാത്തതും പ്രതിസന്ധിയാണ്.

Tags:    
News Summary - Koilandi Railway Station to be developed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.