കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ ശോച്യാവസ്ഥ രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും സൗകര്യങ്ങൾ വർധിക്കാത്തതാണ് പ്രയാസത്തിന് വഴിയൊരുക്കുന്നത്. നേരത്തേയുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പുതിയ കെട്ടിടസമുച്ചയത്തിനായി പൊളിച്ചുനീക്കിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞിട്ടും നിർമാണപ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.
കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ഓൺലൈനായി അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനംചെയ്യുകയും വൻതുക പ്രവൃത്തിക്ക് വകയിരുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.
ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ദേശീയപാതയോട് ചേർന്നുള്ള ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. നേരത്തേ, ഡയാലിസിസ് യൂനിറ്റിനായി ഒന്നരക്കോടിയോളം രൂപ സമാഹരിച്ചിരുെന്നങ്കിലും മലിനജല ശുദ്ധീകരണ പ്ലാന്റ് പണിയാൻ കഴിയാത്തത് കാരണം യൂനിറ്റ് ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു നഗരസഭ ഫണ്ടനുവദിക്കാൻ തയാറാെയങ്കിലും സ്ഥലപരിമിതി കാരണം അതും യാഥാർഥ്യമായില്ല.
അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം നടത്തുന്ന മോർച്ചറിയിൽ ഫ്രീസർ ഇല്ലാത്തതു കാരണം മൃതദേഹങ്ങൾ പലതും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കേണ്ടുന്ന അവസ്ഥയും നിലവിലുണ്ട്. മോർച്ചറി കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ഫലപ്രദമായ രീതിയിൽ ഉപകാരപ്പെടുന്നിെല്ലന്ന പരാതിയും നിലവിലുണ്ട്.
പുതിയ മോർച്ചറിക്ക് നഗരസഭ ഫണ്ടനുവദിക്കാൻ തയാറായിരുന്നുവെങ്കിലും കെട്ടിടം തയാറാകുന്നതുവരെ പോസ്റ്റ്മോർട്ടത്തിന് സൗകര്യമുണ്ടാവിെല്ലന്നതുകൊണ്ടാണ് നിലവിലുള്ള കെട്ടിടത്തിൽതന്നെ പോസ്റ്റ്മോർട്ടം നടത്തേണ്ടിവരുന്നത്. പുതിയ കെട്ടിടസമുച്ചയം പണികഴിപ്പിച്ചാൽ മാത്രമേ ഈ പ്രശ്നത്തിനും പരിഹാരമാവൂ.
രാത്രികാലത്ത് ആശുപത്രിയിൽ, രാഷ്ട്രീയ സംഘട്ടനംപോലുള്ള സംഭവങ്ങളിൽപെട്ടു പരിക്കേറ്റവരെ എത്തിക്കുമ്പോൾ സംഘർഷവും വാക്കേറ്റവും പതിവാകുന്ന ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് ഇല്ലാത്തതും വളരെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഫലപ്രദമായ അഴുക്കുചാൽ സമ്പ്രദായം ഇല്ലാത്തതു കാരണം മഴക്കാലത്ത് ആശുപത്രി പരിസരത്ത് മലിനജലം നിറയുന്നതും സാധാരണമാണ്.
ആശുപത്രിയുടെ ഓഫിസ് നിലവിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് സ്ഥലപരിമിതി കാരണം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതുകാരണം വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള, ഭിന്നശേഷിക്കാരടക്കമുള്ളവർക്ക് ഇവിടെ എത്തിച്ചേരാൻ പ്രയാസമാണ്.
ഇതിനും പുതിയ കെട്ടിടം യാഥാർഥ്യമാവുകയാണ് പരിഹാരം. ‘റഫറൽ’ ആശുപത്രിയെന്ന നിലയിൽ പ്രവർത്തിക്കുന്ന ഇവിടെ ഫലപ്രദമായ സൗകര്യങ്ങൾ ഉണ്ടായാൽ വിവിധ രോഗങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വരുന്നവർക്ക് വലിയ അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.