കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് കടന്നുപോകുന്ന കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ട ഇരുഭാഗത്തും കോൺക്രീറ്റ് മതിൽ സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകിയതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. എം.എൽ.എയും സംഘവും സ്ഥലം സന്ദർശിച്ചു. ബൈപാസിന് അശാസ്ത്രീയമായി മണ്ണെടുത്തതാണ് വിനയായത്. 30 മീറ്റർ ഉയരത്തിൽ കുത്തനെയാണ് മണ്ണെടുത്തത്. പ്രദേശത്ത് ഭീഷണി നിലനിൽക്കുന്നു.
ഇവിടത്തെ നൂറോളം വീടുകളിലേക്കുള്ള ഗതാഗത സൗകര്യവും പാത വികസനത്തിന്റെ ഭാഗമായി തടസ്സപ്പെട്ടിരുന്നു. ദേശീയപാത ഉദ്യോഗസ്ഥരെ എം.എൽ.എ പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വികാരപരമായാണ് ജനങ്ങൾ സംഘത്തോട് വിശദീകരിച്ചത്.
വിദഗ്ധ സംഘം പരിശോധിച്ചതിനുശേഷം മണ്ണിടിച്ചിൽ തടയുന്നതിന് ഇരുഭാഗത്തും കോൺക്രീറ്റ് മതിൽ നിർമിക്കുമെന്നും തടയപ്പെട്ട ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും ദേശീയപാത അധികൃതർ ഉറപ്പുനൽകി. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ കെ. സത്യൻ, ഇ. കെ. അജിത്, കൗൺസിലർ സുമതി, ദേശീയപാത ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്, വാഗാഡ് കമ്പനി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.