കൊയിലാണ്ടി: വടകര പാർലമെന്റ് മണ്ഡലത്തിൽ വടകര നിയോജക മണ്ഡലം കഴിഞ്ഞാൽ ജനങ്ങൾ ഉറ്റുനോക്കുന്ന പ്രധാന രാഷ്ട്രീയ മണ്ഡലമാണ് കൊയിലാണ്ടി. നാലു പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളുമാണ് മണ്ഡലത്തിലുള്ളത്. വർഷങ്ങളോളം യു.ഡി.എഫ് ഭരിച്ച ചില പഞ്ചായത്തുകൾ കോൺഗ്രസിലെ പടലപ്പിണക്കമടക്കം കാരണം ഇടതുകൈകളിലെത്തി. പയ്യോളി മുനിസിപ്പാലിറ്റി മാത്രമാണ് നിലവിൽ യു.ഡി.എഫിന്റെ പക്കലുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി എൽ.ഡി.എഫിലെ കാനത്തിൽ ജമീലയാണ് ജയിച്ചത്. അതേസമയം, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി. ജയരാജന് 58,755 വോട്ട് കിട്ടിയപ്പോൾ യു.ഡി.എഫിലെ കെ. മുരളീധരൻ 79,800 വോട്ടുകൾ നേടി.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പലപ്പോഴും യു.ഡി.എഫിനാണ് മേൽക്കൈ. നേരത്തേ വലിയ സ്വാധീനമില്ലാത്ത കൊയിലാണ്ടിയുടെ കടലോര മേഖലയിൽ സമീപകാലത്ത് സ്വാധീനം നേടാൻ കഴിഞ്ഞതും ചിട്ടയായ പ്രവർത്തനവും തങ്ങൾക്ക് നേട്ടമാകുമെന്ന വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളത്. ഷാഫി പറമ്പിൽ ആൾക്കൂട്ടത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ഉത്സവപ്പറമ്പുകളടക്കം കേന്ദ്രീകരിച്ചാണ് പ്രധാന പ്രചാരണമെന്നും ഇടതുപക്ഷം പറയുന്നു. ആരോഗ്യമന്ത്രി എന്ന നിലയിൽ ശൈലജ ചെയ്ത സേവനവും സ്ത്രീകൾക്കിടയിൽ അവർക്കുള്ള സ്വാധീനവും വൈകിയാണെങ്കിലും ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സാധിച്ചതും വലിയ ആശ്വാസമായി ഇടതുപക്ഷം കരുതുന്നു.
എന്നാൽ, സംസ്ഥാനത്തെ ഭരണ പരാജയവും പാനൂരിലെ ബോംബ് സ്ഫോടനവും ഇടതിന് തിരിച്ചടിയായതും ഷാഫിക്ക് യുവാക്കൾക്കിടയിലുള്ള ഇമേജും പരമാവധി യു.ഡി.എഫ് ഉപയോഗപ്പെടുത്തുന്നുണ്ട്. മാവേലി സ്റ്റോറിൽ സാധനങ്ങളില്ലാതിരുന്നതും സ്റ്റോക്ക് എത്തിയപ്പോൾ വിലക്കയറ്റമുണ്ടായ കാര്യവും യു.ഡി.എഫ് പറയുന്നു.
മുസ്ലിം ലീഗിന് ഏറെ സ്വാധീനമുണ്ടിവിടെ. ബി.ജെ.പി 16,588 വോട്ടാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത്തവണ സ്ഥാനാർഥി പ്രഫുൽ കൃഷ്ണ വോട്ട് കൂട്ടാനുള്ള തീവ്രശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.