കൊയിലാണ്ടി: ദേശീയപാത നിർമാണച്ചുമതലയുള്ള വഗാഡ് കമ്പനിക്കാരുടെ വാഹനങ്ങളെ പേടിച്ച് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. നഗ്നമായ ട്രാഫിക് നിയമലംഘനം നടത്തിയിട്ടും അധികൃതർ കണ്ണടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നിരന്തരം നിരവധി അപകടങ്ങളാണ് ഇവ വരുത്തുന്നത്.
മുത്താമ്പി മണമൽ മേഖലയിൽ രണ്ടുപേരുടെ ജീവൻ ലോറികളുടെ മരണപ്പാച്ചിലിൽ ഹോമിക്കപ്പെട്ടു.
നായാടൻ പുഴക്കു സമീപം ലോറിയുടെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റ നടേരി മരതൂർ തെക്കെ മഠം കല്യാണിയമ്മ (70) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു.
ഏറെക്കാലമായി വഗാഡിന്റെ വാഹനങ്ങളെക്കുറിച്ച് പരാതി ഉയരാൻ തുടങ്ങിയിട്ട്. പൊതുനിരത്തുകളിലൂടെ പോകുമ്പോഴും നമ്പർ പ്ലേറ്റ് ഉപയോഗിക്കാറില്ലെന്നും പരാതിയുണ്ട്. അമിത ലോഡ്, പുറത്തേക്ക് തള്ളി നിൽക്കുംവിധം കമ്പികൾ ഉൾപ്പെടെയുള്ളവയുമായി യാത്ര, സുരക്ഷിതമല്ലാത്ത രീതിയിൽ മണ്ണ് കൊണ്ടുപോകൽ ഉൾപ്പെടെ നിയമ ലംഘനങ്ങൾ നിരവധിയാണ്. കഴിഞ്ഞ മേയിൽ മുത്താമ്പി റോഡിൽ വഗാഡുകാരുടെ ലോറിയിടിച്ച് 15 വൈദ്യുതിത്തൂണുകൾ തകർന്നിരുന്നു.
ട്രാൻസ്ഫോമറുകളും ബൈക്കുകളും തകർത്തു. വൈദ്യുതി ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് നഗരത്തിൽ മണിക്കൂറോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഗാഡിന്റെ വാഹനങ്ങളും ഏതാനും സമയം ദേശീയപാതയും ഉപരോധിച്ചു. തുടർന്ന് നഗരസഭ ചെയർപേഴ്സൻ ഇടപെട്ട് വെള്ളിയാഴ്ച വഗാഡ്, ദേശീയപാത അധികൃതർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.