കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ പ്രവൃത്തികൾ ജനജീവിതം ദുസ്സഹമാക്കുന്നു. പയ്യോളി മുതൽ വെങ്ങളം വരെ കടന്നുകിട്ടാൻ യാത്രക്കാർക്ക് ഉള്ളംകൈയിൽ ജീവൻ മുറുകെപ്പിടിക്കേണ്ട അവസ്ഥയാണ്. തുടർച്ചയായി ഉണ്ടാവുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും യാത്രക്കാരെ നിരന്തരം പ്രയാസപ്പെടുത്തുന്നു. മഴ ശക്തമായതോടെയാണ് പ്രശ്നം രൂക്ഷമായത്.
മഴ പെയ്തിറങ്ങുന്ന വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനമില്ലാത്തതും റോഡുകൾ പാടെ തകർന്നതും വശങ്ങളിൽനിന്ന് റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുതാഴുന്നതും വാഹനഗതാഗതത്തിന് തടസ്സമാവുന്നു. രാവിലെ തുടങ്ങുന്ന ഗതാഗതക്കുരുക്കിൽ വിദ്യാർഥികൾ, ഓഫിസ് ജീവനക്കാർ, കൂലിപ്പണിക്കാർ തുടങ്ങി എല്ലാവരും കുരുങ്ങുന്ന സാഹചര്യമാണ്.
മഴക്കാലത്തെ മുന്നിൽകണ്ട് ഒരാസൂത്രണവും കോൺട്രാക്റ്റ് ഏറ്റെടുത്ത വഗാഡ് കമ്പനി ചെയ്തില്ലെന്നും എൻ.എച്ച് അതോറിറ്റി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെന്നും പരാതി ഉയരുന്നു. നിർമാണ പ്രവൃത്തിയുടെ ഭാഗമായി റോഡിന്റെ ദിശ ഇടക്കിടെ മാറ്റുമ്പോൾ കൃത്യമായ സിഗ്നൽ ലൈറ്റുകളോ, ജീവനക്കാരെയോ അപകടസൂചന അറിയിക്കാൻ നിയോഗിക്കുന്നില്ല.
നേരത്തെ, ചുവപ്പും പച്ചയും പിടിച്ച് അപകട സൂചനയും യാത്രാനുമതിയും നൽകുക പതിവായിരുന്നു. ബസുൾപ്പെടെയുള്ള വാഹനങ്ങൾ സമയകൃത്യത പാലിക്കാൻ കഴിയാതെ, കുരുക്കഴിയുമ്പോൾ വേഗം കൂട്ടുന്നതിനാൽ അപകടവും പതിവാണ്.
പൂക്കാട്, പൊയിൽക്കാവ് ഭാഗത്ത് വാഹനങ്ങൾ തിക്കിത്തിരക്കി ഓടുന്നതിനാൽ അപകടവും വർധിക്കുന്നു. ആറുവരി പാത കുറുകെ കടന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് പോവുന്ന കൊയിലാണ്ടി-അരിക്കുളം, കൊല്ലം-നെല്ലിയാടിക്കടവ് ഭാഗത്തെ അടിപ്പാതയിൽ വെള്ളം കയറിനിൽക്കുന്നതും ഗുരുതര യാത്രാപ്രശ്നം സൃഷ്ടിക്കുന്നു. പലസ്ഥലത്തും പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും കോൺട്രാക്ട് ഏറ്റെടുത്ത കമ്പനി ഒരു പരിഹാരവും ചെയ്തിട്ടില്ല. ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്ത കുരുക്കാണ് രൂപപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.