കൊയിലാണ്ടി: നിപയുടെ സാന്നിധ്യം വ്യക്തമായതോടെ സാമൂഹിക ജീവിതം പ്രതിസന്ധിയിൽ. കോവിഡ് ഏൽപിച്ച ആഘാതത്തിൽനിന്നു മോചനം നേടി വരുമ്പോഴാണ് ഇടിത്തീ പോലെ നിപയുടെ വന്നെത്തൽ. തകർന്നുകിടക്കുന്ന സാമ്പത്തിക രംഗത്തെ ഇത് ആഴത്തിൽ ബാധിക്കും. രണ്ടു ദിവസം പിന്നിട്ടപ്പോൾതന്നെ വ്യാപാര മേഖലയിൽ കരിനിഴൽ വീണു. ക്രയവിക്രയങ്ങളിൽ കുറവു വന്നു.
നഗരങ്ങളിൽ തിരക്കൊഴിഞ്ഞു. പൊതു പരിപാടികൾ ഒഴിവാക്കേണ്ടി വന്നതും വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ ചുരുക്കേണ്ടിവരുന്നതും വ്യാപാര മേഖലയേയും ബാധിക്കും. യാത്രക്കാർ കുറഞ്ഞതിനാൽ ബസ് വ്യവസായവും പ്രതിസന്ധിയിലാണ്. കലക്ഷനിൽ 25 ശതമാനത്തിന്റെ കുറവുവന്നതായി താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു.
ബസ് വരുമാനത്തിൽ രണ്ടു ദിവസത്തിനിടെ ബസ് ഒന്നിന് 2,500ഓളം രൂപയാണ് കുറഞ്ഞത്. കോവിഡ് കാലത്ത് ഏറെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചതാണ് ബസ് മേഖല. അന്ന് നിർത്തിയ ചില ബസുകൾക്ക് പിന്നീട് സർവിസ് പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഹോട്ടൽ മേഖലയേയും നിപ ബാധിച്ചു. കച്ചവടം പലയിടങ്ങളിലും പകുതിയോളം കുറഞ്ഞു. മലഞ്ചരക്ക്, പലവ്യഞ്ജന വിപണിയും തളർച്ചയിലേക്കു നീങ്ങും. നിപ ആദ്യമായി കണ്ടെത്തിയ 2018ൽനിന്ന് വ്യത്യസ്തമായ സാമ്പത്തിക സ്ഥിതി നിലനിൽക്കുമ്പോഴുള്ള നിപയുടെ വന്നെത്തൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.