കൊയിലാണ്ടി: യാത്രക്കാരെ വലച്ച് മേഖലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മർദിച്ചെന്നാരോപിച്ചായിരുന്നു പണിമുടക്ക്. നഗരത്തിലെ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകളൊന്നും ഉച്ചവരെ ഓടിയില്ല. ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചെങ്കിലും കുറഞ്ഞ ബസുകൾ മാത്രമാണ് ഓടിയത്.
ദേശീയപാതയിൽ കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകൾ, സംസ്ഥാന പാതയിൽ താമരശ്ശേരി ഭാഗം, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ യാത്രക്കാർ പെരുവഴിയിലായി. രാവിലെ ഏഴോടെയാണ് മിന്നൽ പണിമുടക്ക് തുടങ്ങിയത്. വിദ്യാർഥികൾ, ജീവനക്കാർ, ചികിത്സക്കായി ഇറങ്ങിയവർ, വിവിധ ആവശ്യങ്ങൾക്കായി ഇറങ്ങിയവർ ഉൾപ്പെടെ എല്ലാവരും വലഞ്ഞു. മേപ്പയൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഐവ ബസിലെ കണ്ടക്ടർ കീഴരിയൂർ പാലാഴി മീത്തൽ ഗിരീഷിനെ പൊലീസ് മർദിച്ചെന്നാരോപിച്ചാണ് മിന്നൽ പണിമുടക്ക് നടത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനികളോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയും രക്ഷിതാവും പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കണ്ടക്ടർ ഗിരീഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനപ്രകാരം സമരം ഉച്ചയോടെ പിൻവലിച്ചെങ്കിലും പകുതിയോളം ബസുകളേ സർവിസ് നടത്തിയുള്ളൂ. ജീവനക്കാർ കുറവായിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, ജോയന്റ് ആർ.ടി.ഒ ഇ.എസ്. ബിജു, ബസ് ഉടമ സംഘടന പ്രതിനിധികളായ മനോജ്, സുരേഷ് ബാബു, തൊഴിലാളി യൂനിയനുകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളായ സി. അശ്വനീദേവ്, രാജേഷ് കീഴരിയൂർ, പി. ബിജു, അനീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സമരക്കാർ ഉന്നയിച്ച പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. പണിമുടക്കിയ ബസ് ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി. അനുമതിയില്ലാതെ ദേശീയപാതയിൽ പ്രകടനം നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ബസ് സ്റ്റാൻഡിൽ ബസുകൾ തടഞ്ഞതിനും പൊലീസ് കേസെടുത്തു.കൊയിലാണ്ടിയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് യാത്രക്കാർ പെരുവഴിയിലായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.