കൊയിലാണ്ടി: നഗരത്തിലെയും പരിസരഭാഗങ്ങളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മണൽച്ചാക്കു നിരത്തൽ പ്രയോഗം. റോഡിനെ രണ്ടായി പകുത്ത് മണൽച്ചാക്കു നിരത്തിത്തുടങ്ങി. പരീക്ഷണമെന്ന നിലയിൽ ദേശീയ പാതയിൽ വടക്കുഭാഗത്ത് ആർ.ഒ.ബി മുതൽ തെക്ക് സ്റ്റേഡിയം വരെയും താമരശ്ശേരി സംസ്ഥാന പാതയിൽ 20 മീറ്ററിലും പഴയ ആർ.ടി.ഒ ഓഫിസ് മുതൽ മീത്തലെക്കണ്ടി പള്ളി വരെയുമാണ് മണൽച്ചാക്കുകൾ നിരത്തുന്നത്. നാലും അഞ്ചും വരികളായി വാഹനങ്ങൾ പരന്നൊഴുകുന്നത് ഇതുമൂലം തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.
രാപകലില്ലാതെ വൻ ഗതാഗതക്കുരുക്കാണ് മേഖലയിൽ. ഗതാഗതക്കുരുക്കും മോശം റോഡും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങളാണ്. കുരുക്കിൽ കുടുങ്ങുന്ന വാഹനങ്ങൾ പിന്നീട് അമിത വേഗത്തിലാണ് ഓടുക. പ്രത്യേകിച്ച് സമയനഷ്ടം വരുന്ന ദീർഘ ദൂര ബസുകൾ. സമീപകാലത്ത് നിരവധി അപകടങ്ങൾ ഉണ്ടായി. 29 പേർ മരിച്ചു. ആംബുലൻസുകൾക്കു പോലും കുരുക്കിൽ കുടങ്ങി സമയം പാഴാകുന്നു. വാഹനങ്ങൾ അനുദിനം പെരുകുമ്പോഴും അതിനനുസരിച്ചുള്ള സൗകര്യം ഒരുക്കുന്നതിൽ അധികൃതർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ സൗകര്യപൂർവം വാഹനങ്ങൾ പാർക്കു ചെയ്യാൻ ഇടമില്ല. ഇരുചക്രവാഹനങ്ങളും കാറുകളുമൊക്കെ റോഡിെൻറ വശങ്ങളിൽ പാർക്കു ചെയ്യേണ്ട അവസ്ഥയാണ്. അതേസമയം, റോഡ് എൻജിനീയറിങ് വിഭാഗത്തിെൻറ മണൽചാക്ക് പരീക്ഷണം തുഗ്ലക് പരിഷ്കാരമാണെന്ന ആക്ഷേപവുമുയർന്നു.
രാത്രിയിൽ വാഹനങ്ങൾ കയറിയിറങ്ങി ചാക്കു പൊട്ടി മണൽ നിറയും. കീറിയ ചാക്കുകൾ ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയുമാകും. കൃത്യമായ പഠനങ്ങൾ നടത്തി ശാസ്ത്രീയ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം. തീരദേശ റോഡുകളും ലിങ്ക് റോഡുകളുമൊക്കെ ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹനത്തള്ളിച്ച ഒഴിവാക്കണമെന്ന ആവശ്യവുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.