കൊയിലാണ്ടി: രാജ്യത്തിന്റെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാൻ പോരാടുന്നതിനിടെ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിതിന് ശൗര്യചക്ര പ്രഖ്യാപിച്ചപ്പോൾ പിറന്ന നാടിന് അഭിമാനമായി. ധീര ജേതാവിന്റെ ഓർമകൾ അയവിറക്കിക്കഴിയുമ്പോഴാണ് പ്രഖ്യാപനം വന്നത്. ദുഃഖത്തിനിടയിലും അവാർഡ് പ്രഖ്യാപനം നാട് ഹൃദയത്തിലേറ്റുവാങ്ങി. 2021 ജൂലൈ എട്ടിനാണ് പൂക്കാട് പടിഞ്ഞാറെ തറ മയൂരം വീട്ടിൽ ശ്രീജിത് വീരമൃത്യു വരിച്ചത്. ജമ്മു- കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാകിസ്താൻ ഭീകരരെ തുരത്തുന്നതിനിടെയായിരുന്നു മരണം.
19ാം വയസ്സിലാണ് ശ്രീജിത് സൈന്യത്തിൽ ചേർന്നത്. 23 വർഷത്തിനിടെ രാഷ്ട്രപതിയുടേതുൾെപ്പടെ 23 അവാർഡുകൾ സ്വന്തമാക്കി. ശത്രു സേനയുടെ മുനയൊടിക്കുന്നതിൽ എന്നും മുന്നിലായിരുന്നു ശ്രീജിത്. 20 വർഷം മുമ്പ് ശത്രു സേനക്കുനേരെ നടത്തിയ മുന്നേറ്റം ശ്രദ്ധേയമായിരുന്നു.
അന്ന് കന്യാകുമാരി സ്വദേശി ഡേവിഡ് രാജുവിനോടൊപ്പം ചേർന്ന് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ബോംബ് വർഷിച്ച് മൂന്നു പാക് ഭീകരരെ വധിച്ചു. ജമ്മു-കശ്മീരിലെ അനന്ത് നാഗ് ജില്ലയിലായിരുന്നു അപ്പോൾ ക്യാമ്പ്. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യഭാഗമായുള്ള ഇന്ത്യൻ സൈനിക സംഘത്തിൽ അംഗമായിരുന്നു. വീരമൃത്യു വരിക്കുന്നതിന് മൂന്നു മാസം മുമ്പാണ് നായിബ് സുബേദാർ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. തിരുവങ്ങൂർ മക്കാട വത്സെന്റയും ശോഭനയുടെയും മകനാണ്. ഭാര്യ: ജഷിന. മക്കൾ: അതുൽ ജിത്, തൻമയ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.