എകരൂൽ: കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാന പാത നവീകരണം ഉണ്ണികുളം പഞ്ചായത്തിൽ ഇഴയുന്നു. നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് എകരൂൽ അങ്ങാടിയിൽ ഈമാസം എട്ടിനു മുമ്പ് ടാറിങ് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും റോഡിലെ കുഴികൾ നികത്താൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇയ്യാട് റോഡിലേക്കു തിരിയുന്ന ജങ്ഷനിൽ പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കാൻ റോഡിൽ വലിയ കുഴിയെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും നികത്തിയില്ല. ഇതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കണ്ണുതെറ്റിയാൽ കുഴിയിൽ വീഴുമെന്ന മട്ടിലാണ് കാര്യങ്ങൾ. അപകടം ഉണ്ടാകാതിരിക്കാൻ കുഴിക്കു ചുറ്റും പ്ലാസ്റ്റിക് റിബൺ കെട്ടിയതല്ലാതെ അപായസൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
കാൽനടക്കാർക്കു പുറമെ ഇരുചക്രവാഹനങ്ങൾക്കും കുഴി അപകടമുണ്ടാക്കുന്നു. ഇയ്യാട് റോഡിൽനിന്ന് പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന വളവിലാണ് കുഴി. അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയാണ്. വേനൽമഴ ശക്തിപ്രാപിച്ചതോടെ വെള്ളം നിറഞ്ഞ് കുഴി കാണാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.