കൊയിലാണ്ടി: കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായി തങ്കമല ക്വാറി. വർഷങ്ങളായി ഖനനം നടക്കുന്ന ഇവിടെ ഭൂമിയുടെ ഘടന വലിയതോതിൽ തകർന്നിരിക്കുകയാണെന്നും ദുരന്തത്തിന് വഴിയൊരുക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
വളരെ ഉയരത്തിലാണ് ക്വാറി പ്രവർത്തനം. നിരവധി വീടുകൾക്ക് ഇവിടെ വിള്ളൽ വീഴുകയും പലരും വീട് ഒഴിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അനിയന്ത്രിതമായി കരിങ്കൽ പൊട്ടിക്കുന്നതുമൂലം രൂപപ്പെട്ട വലിയ കുഴികളിൽ ഇവിടെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. തുടർച്ചയായ മഴമൂലം ഇത് പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തിയാൽ നുറുകണക്കിന് വീടുകൾക്കും ജീവനും അപകടം വരുത്തുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ക്വാറിക്കെതിരെ നാട്ടുകാർ നിരവധി വർഷങ്ങളായി വിവിധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, കോടതിയിൽനിന്ന് ക്വാറി ഉടമകൾ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റി സമാധാനത്തോടെ ജീവിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ക്വാറി ഖനനം അടിയന്തരമായി നിർത്തിവെക്കണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ കലക്ടർക്ക് നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.