കൊയിലാണ്ടി: ഹാർബർ എൻജിനീയറിങ് സബ് ഡിവിഷനൽ ഓഫിസ് കൊയിലാണ്ടിയിൽനിന്ന് മാറ്റരുതെന്ന ആവശ്യം മന്ത്രി സജി ചെറിയാൻ അംഗീകരിച്ചു. തീരദേശ സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചർച്ച നടന്നിരുന്നു.
ഹാർബറിൽനിന്ന് കാപ്പാട് ഭാഗത്തേക്കുള്ള തീരദേശ റോഡിൽ ആദ്യത്തെ രണ്ടു കിലോമീറ്റർ റീടാർ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. അവശേഷിക്കുന്ന ഭാഗത്ത് കടൽഭിത്തി നിർമിച്ച് റോഡ് നവീകരിക്കുന്നതിനായുള്ള പദ്ധതി തയാറാക്കി സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കോൾഡ് സ്റ്റോറേജ്, ഇന്റേണൽ റോഡ്, വല അറ്റകുറ്റപ്പണി സെന്റർ ഉൾപ്പെടെ നവീകരണത്തിനായി 21 കോടി രൂപയുടെ അനുമതി ലഭിച്ച കൊയിലാണ്ടി ഹാർബറിനെ മോഡൽ ഹാർബറാക്കി മാറ്റും.
സി.ആർ. സെഡ് പരിധിയിൽ 50 മീറ്ററിനും100 മീറ്ററിനും ഇടയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നത് പരിഗണിക്കും.
2022 മാർച്ച് 31ന് മുന്നേ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ പെൺമക്കൾക്കായുള്ള വിവാഹ ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 14, 15, 17 വാർഡുകളിൽ ഡ്രെയ്നേജ് നിർമിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നകാര്യം പരിഗണിക്കണമെന്ന് ജില്ല പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തികവർഷം ഇത് പരിഗണനയിലെടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഏഴു കുടിക്കൽ തോടിലെ മണ്ണ് രണ്ടാഴ്ചക്കകം നീക്കണം. സൂനാമി കോളനിയിലെ 25 വീടുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കും. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ എല്ലായിടത്തും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.