കൊയിലാണ്ടി: നഗരത്തിന്റെ പ്രധാന കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽനിന്നുള്ള മാലിന്യം പുറത്തേക്ക് പരന്നൊഴുകി. തിരക്കേറിയ സ്ഥലത്ത് അനുഭവപ്പെട്ട ദുർഗന്ധം ജനത്തെ വലച്ചു.
ഹെഡ് പോസ്റ്റ് ഓഫിസിനോടു ചേർന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിലായാണ് വഴിയോര വിശ്രമ കേന്ദ്രം. ഇതിന് തൊട്ടടുത്തുള്ള ടാക്സി സ്റ്റാൻഡിലേക്കാണ് മലിനജലം ഒഴുകിയത്. ഇതോടെ ഡ്രൈവർമാർക്കും അവിടെ നിൽക്കാൻ പറ്റാത്ത സ്ഥിതിയായി. ജനത്തിനു വഴിമാറി പോകേണ്ടിവന്നു. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.
ബ്ലീച്ചിങ് പൗഡർ വിതറി താൽക്കാലിക പരിഹാരം കാണുകയായിരുന്നു. 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച വിശ്രമകേന്ദ്രം രണ്ടുമാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. വേണ്ട സൗകര്യമില്ലാത്ത സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചതാണ് വിനയായത്. ആശുപത്രി, പോസ്റ്റ് ഓഫിസ്, രജിസ്ട്രാർ ഓഫിസ്, ട്രഷറി, കോടതി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നിടത്തെ മലിനജലച്ചോർച്ച കടുത്ത പ്രതിഷേധത്തിനിടയാക്കി. രണ്ടു ശുചിമുറി, വനിത സൗഹൃദ കേന്ദ്രം, ഫീഡിങ് കോർണർ എന്നിവയാണ് വിശ്രമകേന്ദ്രത്തിലുള്ളത്. കാന്റീനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.