കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂരിലെ ഒറവിങ്കൽകുന്ന് രാജീവ് ദശലക്ഷം കോളനിയിലും രാജീവ് ഗാന്ധി സെറ്റിൽമെന്റ് കോളനിയിലും മഴക്കാലത്തും കുടിവെള്ളം കാശുമുടക്കി എത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വർഷങ്ങളായി ഇവിടെ താമസിക്കുന്നവർ നടത്തിയ വിവിധ സമരങ്ങൾക്കുശേഷമാണ് അധികൃതർ ഇവിടെ വെള്ളമെത്തിക്കാൻ പദ്ധതികൾ ആരംഭിച്ചത്. എന്നാൽ, ഒന്നും ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കുടിവെള്ളത്തിനായി നടേരി നായാടൻപുഴയിൽനിന്ന് വെള്ളം എത്തിക്കാൻ ലക്ഷങ്ങൾ മുടക്കി കിണറും മോട്ടോറും പൈപ്പിടലും നടത്തിയെങ്കിലും ലഭിച്ച വെള്ളം ചളി കലങ്ങിയതായിരുന്നതുകൊണ്ട് ഇതും നിലച്ചു. തുടർന്ന് നടുവത്തൂർ അഞ്ചാം വാർഡിൽ അരീക്കരത്താഴ വയലിൽ കിണർ കുഴിച്ച് വെള്ളമെത്തിക്കാൻ ലക്ഷങ്ങൾ വീണ്ടും മുടക്കിയെങ്കിലും ഈ വെള്ളവും കുടിക്കാൻ പറ്റാത്ത വെള്ളമാണെന്ന ലാബ് റിപ്പോർട്ട് ലഭിച്ചതോടെ ജനങ്ങളുടെ പ്രതീക്ഷ തീരെ അസ്തമിച്ചു. ഇതോടെ കുടിവെള്ളം ലഭിക്കാൻ പല സ്ഥലത്തും ഇതു സംബന്ധിച്ച പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന് അധികൃതർ വീണ്ടും വെള്ളം യോഗ്യമല്ലാതായതിനാൽ ഉപേക്ഷിച്ച അരീക്കരത്താഴ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. എന്നാൽ ഇതിനെതിരെ കോളനിയിലെ താമസക്കാരും നാട്ടുകാരും രംഗത്തുവന്നു.
എന്നാൽ ഇവരുടെ എതിർപ്പിനെ അവഗണിച്ചു വീടുകളിലേക്ക് ജലവിതരണത്തിനായ് പൈപ്പിടുകയും ടാപ്പ് സ്ഥാപിക്കുകയും ചെയ്തു. ആ വെള്ളവും ഇതുവരെ വിതരണം നടന്നില്ല. വീട്ടാവശ്യത്തിന് 400 മുതൽ 600 രൂപ വരെ മുടക്കി വാട്ടർ ടാങ്കിൽ വാടകക്കെടുത്ത വാഹനത്തിൽ വെള്ളമെത്തിച്ചാണ് ജനങ്ങൾ കഴിഞ്ഞു കൂടുന്നത്.
അലക്കാൻ ദൂരെയുള്ള ആച്ചേരിത്താഴ തോടിനെയാണ് കോളനിയിലെ ആളുകൾ ഇപ്പോഴും ആശ്രയിക്കുന്നത്. 50ഓളം കുടുംബങ്ങളാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്. നിരവധി തവണ പ്രശ്നങ്ങൾ സംബന്ധിച്ച് പലർക്കും പരാതി നൽകിയിട്ടും പ്രശ്നപരിഹാരത്തിന് നടപടിയായില്ല. ജീവിക്കാൻ തൊഴിൽ പോലും കൃത്യമായി ഇല്ലാതെ പ്രയാസപ്പെടുന്നവരാണ് മാസത്തിൽ 2500 മുതൽ 4000രൂപ വരെ കുടിവെള്ളത്തിന് മുടക്കേണ്ടിവരുന്നത്.
ഹരിജൻ വിഭാഗത്തിൽപെട്ടവരാണ് സെറ്റിൽമെന്റ് കോളനിയിലെ ഭൂരിഭാഗം താമസക്കാരും. എന്നിട്ടും പരിഗണന ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജൽ ജീവൻ പദ്ധതിയിലാണ് ഇനി ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ അതിന്റെ പ്രവൃത്തിയും ഇവിടെ ആരംഭിച്ചിട്ടില്ല.
വളരെ ഉയർന്ന പ്രദേശമായതിനാൽ സ്വന്തം കിണർ കുഴിക്കുകയും അസാധ്യമാണ്. വേനൽക്കാലത്ത് പഞ്ചായത്തധികൃതർ കുടിവെള്ളം വിതരണം ചെയ്യാറുണ്ടെങ്കിലും മഴക്കാലമാരംഭിച്ചാൽ അതും നിലക്കും. വേണ്ടത്ര മഴ പെയ്യാത്ത സാഹചര്യത്തിൽ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് താമസക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.