കൊയിലാണ്ടി: നാട്ടിലെ എല്ലാ പരിപാടികൾക്കും സഹായഹസ്തം നീട്ടുന്നവരാണ് വ്യാപാരികൾ. ഇവരുടെ സംഭാവനകൾ എത്താത്ത മേഖലകൾ വിരളമായിരിക്കും. സഹായങ്ങൾ നൽകുന്നതിൽ ഇവർ എക്കാലവും മുന്നിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.
‘കടുത്ത വ്യാപാരമാന്ദ്യത്തിന്റെ സാഹചര്യത്തിൽ സംഭാവനകൾ തരാൻ നിർവാഹമില്ല, എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷ’-കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നതാണിത്. ഇത്തരമൊരു പോസ്റ്റർ പുറത്തിറക്കുമ്പോൾ വ്യക്തമാകും ഈ രംഗത്തെ ഇപ്പോഴത്തെ അവസ്ഥ. കടുത്ത വ്യാപാരമാന്ദ്യം കച്ചവട മേഖലയെ പിടിച്ചുലക്കുന്നു. പ്രതിസന്ധിയെ മറികടക്കാനാകാതെ ഉഴലുകയാണ് ഇവർ.
കച്ചവട സ്ഥാപനമുണ്ടെങ്കിൽ സുഗമമായി ജീവിക്കാമായിരുന്നു കുറച്ചു മുമ്പുവരെ. ചെറിയ കച്ചവടസ്ഥാപനം പോലും സമൂഹത്തിന്റെ ആവശ്യങ്ങളിൽ പങ്കാളിയായിരുന്നു. ഇന്ന് ഇത്തരം കച്ചവടക്കാരെ സഹായിക്കാൻ എന്തു മാർഗമെന്ന് ചിന്തിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു വ്യാപാരി പറഞ്ഞു. പല കടകളുടെയും ഷട്ടറുകൾ താഴുകയാണ്. കൊയിലാണ്ടി മേഖലയിൽ അമ്പതോളം കടകൾ അടച്ചുപൂട്ടിയതായി കെ.എം.എ പ്രസിഡന്റ് കെ.കെ. നിയാസ് പറഞ്ഞു. കോവിഡിനുശേഷം പതുക്കെ പച്ചപിടിച്ചുവന്നെങ്കിലും പിന്നെ മട്ടു മാറുകയായിരുന്നു. കൈനീട്ടം വിൽക്കാൻ ഏറെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നഗരത്തിൽ പോലും. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മറ്റു പല കാരണങ്ങളും കച്ചവട രംഗത്തെ ബാധിച്ചു.
കോർപറേറ്റുകളുടെ കടന്നുവരവ്, ഇവരുടെ അനവസരത്തിലുള്ള ഓഫറുകൾ, സാധാരണക്കാരുടെ തൊഴിൽലഭ്യതയിൽ വന്ന കുറവ്, ഓൺലൈൻ കച്ചവടത്തിന്റെ പിറകെയുള്ള പോക്ക്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയവ കച്ചവട മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്. ഈ രംഗത്ത് സ്ഥിരത കൈവരിച്ചവർക്കുപോലും 45 മുതൽ 50 ശതമാനം വരെ കച്ചവടം കുറഞ്ഞു. പുതുതായി കടന്നുവന്ന പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. നഗരഹൃദയത്തിൽപോലും അടഞ്ഞുകിടക്കുന്ന കടകൾ കാണാം. തൊഴിൽ മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ രൂപപ്പെട്ടു.
പ്രദേശത്ത് വ്യാപാര സ്ഥാപനം ഇല്ലാതാകുമ്പോൾ അനേകം പേർക്ക് തൊഴിൽ നഷ്ടമാകും. നിരവധി കുടുംബങ്ങളുടെ ജീവിതത്തിലും ഇത് കരിനിഴൽ വീഴ്ത്തും. ബാങ്ക് ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളിലും കച്ചവടമാന്ദ്യത്തിന്റെ പ്രതിഫലനം ദൃശ്യമാണ്. ബാങ്കുകളിൽ വ്യാപാര മേഖലയിൽ നിന്നുള്ള വരവിൽ കുറവുവന്നു. ക്രയവിക്രയങ്ങളെയും ഇതു ബാധിച്ചു. ബാങ്കുകൾക്കു വേണ്ടി കമീഷൻ വ്യവസ്ഥയിൽ കച്ചവടക്കാരിൽനിന്ന് ബാങ്കിലേക്ക് പണം സ്വീകരിച്ചു നൽകുന്നവരുടെ വരുമാനത്തിലും കുറവുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.