കൊയിലാണ്ടി: യുവതി ജീവിതം അവസാനിപ്പിച്ചത് ഓൺലൈൻ പണമിടപാടിൽ വഞ്ചിക്കപ്പെട്ടതിനാലാണെന്ന് വിലയിരുത്തൽ. നഗരത്തിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചേലിയ മലയിൽ വിജിഷ (31) 2021 ഡിസംബർ 11നാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽനിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഖ്യ ഇതിൽ കൂടാൻ ഇടയുണ്ടെന്ന് അനുമാനിക്കുന്നു. പാസ്ബുക്കുകൾ നശിപ്പിച്ചതായും കരുതുന്നു. ബി.എഡ് ബിരുദധാരിയായ വിജിഷയുടെ വിവാഹത്തിനു വാങ്ങി സൂക്ഷിച്ച 35 പവൻ സ്വർണാഭരണങ്ങൾ വിൽക്കുകയും പണയംവെക്കുകയും ചെയ്തിട്ടുണ്ട്. വിജിഷയെ പണം ഇടപാടിൽ പലരും ഉപയോഗപ്പെടുത്തിയതായും കരുതുന്നു. മരണം നടന്ന് രണ്ടു മാസമായിട്ടും പൂർണ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. മരണത്തിനു തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്കു വന്ന കാളുകൾ ആയിരിക്കണം ആത്മഹത്യയിലേക്കു നയിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു.
പതിവുപോലെ ഓഫിസിലേക്കു പുറപ്പെട്ട വിജിഷ പെട്ടെന്ന് തിരിച്ചുവന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ചേലിയയിലും പരിസരപ്രദേശങ്ങളിലും വിവിധ അനധികൃത ഓൺലൈൻ പണമിടപാടുകൾ നടന്നുകൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. വിജിഷയെപ്പോലെ ഒട്ടനവധി പേർ ഇതിന് ഇരയാകുന്നതായും വാർത്തയുണ്ട്. മറ്റൊരു ദുരന്തംകൂടി ഉണ്ടാകാതിരിക്കാൻ ഇതുസംബന്ധിച്ച അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനു വേഗം കൂട്ടാൻ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരവധി പേർ ഇത്തരം പണമിടപാടിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. മാനക്കേടു കാരണം പലരും പുറത്തുപറയാതിരിക്കുകയാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറും ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനുമായ ഷീബ മലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെംബർമാരായ കെ.എം. മജു, ടി.കെ. മജീദ്, കൺവീനർ എം. ജോഷി, മലയിൽ ഭാസ്കരൻ, ടി.പി. സത്യൻ, രജീഷ് കൊണ്ടോത്ത്, പ്രകാശൻ, സജീഷ് പറയൻകുഴി, പ്രനീത, അമിത, വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.