കൊയിലാണ്ടി: ചേലിയമലയിൽ വിജിഷ ജീവനൊടുക്കിയതിനു പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിനാണ് ചുമതല. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അന്വേഷണച്ചുമതല മാറ്റിയത്.
കേസ് ഡയറി പരിശോധിച്ചു വരികയാണെന്ന് ഡിവൈ.എസ്.പി 'മാധ്യമ'ത്തോടു പറഞ്ഞു. നഗരത്തിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിജിഷ (31) 2021 ഡിസംബർ 11നാണ് ആത്മഹത്യ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചില കാര്യങ്ങൾ കണ്ടെത്തിയിരുന്നു. ഇവരുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽനിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ട്.
ഇത്രയും തുക എന്തിനു വേണ്ടി ഉപയോഗിച്ചുവെന്ന് വ്യക്തമല്ല. മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വ്യക്തമാകാനുണ്ട്. വായ്പ ആപ്പിന്റെ ഇരയാണ് വിജിഷയെന്ന് നാട്ടുകാർ സംശയിക്കുന്നു.
മരണത്തിനു തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്കു വന്ന കാളുകൾ ആയിരിക്കണം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാർ കരുതുന്നു. പതിവുപോലെ ഓഫിസിലേക്കു പുറപ്പെട്ട വിജിഷ പെട്ടെന്ന് തിരിച്ചുവന്ന് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.