കൊയിലാണ്ടി: കൈക്കൂലി വാങ്ങുന്നതിനിടെ ഓഫിസ് ക്ലർക്ക് വിജിലൻസ് പിടിയിൽ. ദേശീയപാത വികസന വിഭാഗം തഹസിൽദാറുടെ ഓഫിസിലെ ക്ലർക്ക് അടിവാരം സ്വദേശി പി.ഡി. ടോമിയാണ് അറസ്റ്റിലായത്. ദേശീയപാത വികസനത്തിൽ വീട് നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് ചേമഞ്ചേരി സ്വദേശിയിൽനിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കൊയിലാണ്ടി കുറുവങ്ങാട് നീർപാലത്തിനു സമീപത്തെ കൂൾബാറിൽ പണവുമായി എത്താനാണ് ആവശ്യപ്പെട്ടത്.
ഇതിനു സമീപത്താണ് എൽ.എ.എൻ.എച്ച് ഓഫിസ്. 86,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 16,000 രൂപ പണമായും 70,000 രൂപ ചെക്കായി നൽകാനും നിർദേശിച്ചു. ഇതു വാങ്ങുമ്പോഴാണ് ഡി.വൈ.എസ്.പി ഇ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസിന്റെ വലയിലായത്. സി.ഐ എ.എസ്. സരിൻ, എസ്.ഐ സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ, അബ്ദുൽ സലാം, അനിൽകുമാർ, ബിനു, അനീഷ്, വനിത എസ്.സി.പി.ഒ റിനു എന്നിവർ ഉൾപ്പെട്ടതാണ് വിജിലൻസ് സംഘം. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.