കോഴിക്കോട്: സ്വിഫ്റ്റിെൻറ ഗജരാജ സ്ലീപർ ബസ് കാത്ത് കോഴിക്കോട്-ബംഗളൂരു യാത്രക്കാർ. ഏറ്റവും കൂടുതൽ ബംഗളൂരു യാത്രികരുള്ള കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ.ടി.സിയുടെ ആഡംബര ബസായ ഗജരാജ സർവിസുകൾ വേണമെന്നാണാവശ്യം. സ്വകാര്യമേഖലയിൽ വലിയ നിരക്കിൽ നടക്കുന്ന സർവിസുകളെയാണ് ഇന്നും യാത്രക്കാർ ആശ്രയിക്കേണ്ടിവരുന്നത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സ്ലീപർ സർവിസുകൾ ആരംഭിച്ചാൽ യാത്രക്കാർ കൂടുതൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കും. കോഴിക്കോട് നിന്ന് സ്വകാര്യമേഖലയിൽ ദിവസം 12ഓളം സ്വകാര്യ ബസുകൾ ബംഗളൂരു സർവിസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് 13 സർവിസുകളുണ്ട്. ഇതിൽ നാലെണ്ണം സ്വിഫ്റ്റിലേക്ക് മാറി. സ്വിഫ്റ്റിന്‍റെ നാല് എ.സി 'ഗരുഡ' സെമി സ്ലീപറും ഒരു നോൺ എ.സി ഡീലക്സുമാണ് നിലവിൽ സർവിസ് ആരംഭിച്ചത്. തെക്കൻ മേഖലകളിൽ വാരിക്കോരി സ്വിഫ്റ്റ് സർവിസുകൾ ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ യാത്രികരുള്ള മലബാറിനെ അവഗണിച്ചു എന്ന പരാതിയുണ്ട്. ബംഗളൂരു റൂട്ടിൽ സ്ലീപർ ആരംഭിക്കാത്തത് സ്വകാര്യ സർവിസുകാരെ സഹായിക്കാനാണെന്ന ആരോപണവുമുയർന്നുകഴിഞ്ഞു. കോഴിക്കോട് ബംഗളൂരു സ്വിഫ്റ്റ് സർവിസുകളുടെ സമയത്തിൽ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓഫിസ് സമയത്തിനനുസരിച്ചല്ല സർവിസ് എന്നതിനാൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. രാവിലെ 8.30, ഉച്ചക്ക് 12.00, വൈകുന്നേരം 7.00, രാത്രി 10.00 എന്നിങ്ങനെയാണ് സ്വിഫ്റ്റിെൻറ സമയം. ബംഗളൂരു യാത്രികരിലേറെയും രാത്രിയിലാണ്.
പ്രത്യേകിച്ച് അവധി കഴിഞ്ഞ ജോലിക്ക് പോവുന്നവർക്ക് രാത്രി സർവീസുകളുടെ എണ്ണം കൂട്ടുന്നതാണ് നന്നാവുക. സ്വകാര്യ സർവിസുകൾ ഏറെയും രാത്രിയിലാണ്. തിരക്കുള്ള ദിവസങ്ങളിൽ 1700 രൂപ വരെയാണ് സ്വകാര്യ സർവിസുകാർ ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനാവട്ടെ പരമാവധി 700 മുതൽ 900 രൂപ വരെയാണ് നിരക്ക്.
കൂടുതൽ ആഡംബരസർവിസുകൾ സ്വിഫ്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നും പക്ഷേ, കോഴിക്കോട്ടേക്കില്ല. നിലവിൽ കെ.എസ്.ആർ.ടി.സി മികച്ച കലക്ഷനിൽ ഓടുന്ന റൂട്ടുകളിലാണ് സ്വിഫ്റ്റ് ഏറ്റെടുക്കുന്നത്. പുതിയ റൂട്ടുകളും സമയവും കണ്ടെത്തി ലാഭത്തിലോടിയാലെ സ്വിഫ്റ്റിെൻറ നേട്ടമായി കണക്കാക്കാനാവൂ. കോഴിക്കോട് -ബംഗളൂരു സ്വിഫ്റ്റ് കഴിഞ്ഞ ആഴ്ച മികച്ച കലക്ഷനാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.