കോഴിക്കോട്: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽ രണ്ട് വാർഡുകൾ എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാംവാർഡ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത് യു.ഡി.എഫിന് മേൽകൈയായി. വർഷങ്ങളായി എൽ.ഡി.എഫ് ജയിച്ചിരുന്ന ഇവിടെ കോൺഗ്രസിലെ റസീന പൂക്കോടാണ് വൻ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയത്.
തുറയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡായ പയ്യോളി അങ്ങാടിയാണ് യു.ഡി.എഫ് വിജയിച്ച രണ്ടാമത്തെ മണ്ഡലം. മുസ്‍ലിം ലീഗിലെ സി.എ. നൗഷാദാണ് ഇവിടെ വിജയിച്ചത്. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ എൽ.ഡി.എഫിലെ എ. ശശിധരനും മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽ.ഡി.എഫിലെ എം.എം. രവീന്ദ്രനും ജയിച്ചു.
മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എ. ശശിധരൻ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എ. ശശിധരന് 741ഉം യു.ഡി.എഫിലെ ഇ.എം. രാജന് 401ഉം ബി.ജെ.പിയിലെ ഷിബുവിന് 21 വോട്ടും ലഭിച്ചു. 82.59 ശതമാനമായിരുന്നു പോളിങ്. എൽ.ഡി.എഫിലെ കെ.പി. ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ റസീന പൂക്കോട് 272 വോട്ടിന്റെ അട്ടിമറി വിജയം നേടി. ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് 17 വർഷത്തിന് ശേഷമാണ് യു.ഡി.എഫ് സ്വന്തമാക്കുന്നത്.
റസീന പൂക്കോടിന് 735ഉം എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി പി.സി. രഹനത്തിന് 463ഉം എസ്.ഡി.പി.ഐയുടെ സറീന സലീമിന് 44 വോട്ടുമാണ് ലഭിച്ചത്. 82.47 ശതമാനമായിരുന്നു പോളിങ്. സി.പി.എമ്മിലെ സജിത സർക്കാർ ജോലി ലഭിച്ച് മെംബർ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് നിലനിർത്തി. 158 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ എം.എം. രവീന്ദ്രനാണ് ജയിച്ചത്.
രവീന്ദ്രന് 2,420 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ശശി പാറോളിക്ക് 2262ഉം എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് കാളിയത്തിന് 158ഉം വോട്ട് ലഭിച്ചു. 80.25 ശതമാനമായിരുന്നു പോളിങ്. കെ.പി. ഗോപാലന്‍ നായര്‍ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.
തുറയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ പയ്യോളി അങ്ങാടി വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് നിലനിർത്തി. ലീഗിലെ സി.എ. നൗഷാദ് 381 വോട്ടിനാണ് ജയിച്ചത്. നൗഷാദ് 594ഉം എൽ.ഡി.എഫ് സ്വതന്ത്രൻ അഡ്വ. കോടിക്കണ്ടി അബ്ദുറഹ്മാൻ 213ഉം എൻ.ഡി.എ സ്ഥാനാർഥി 29ഉം വോട്ട് നേടി. 81 ശതമാനമായിരുന്നു പോളിങ്.
അപരന്മാരടക്കം ആറുപേരാണ് മത്സരിച്ചത്. യു.ഡി.എഫിലെ യു.സി. ഷംസുദ്ദീൻ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.