കോഴിക്കോട്: സാഹിത്യ നഗരത്തിൽ കാലത്തിനനുസരിച്ച് നാടിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് യൗവനത്തെ ലഹരി മുക്തമാക്കൽ, കാലാവസ്ഥ വ്യതിയാനം, അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയവക്ക് പ്രാധാന്യം നൽകി കോഴിക്കോട് കോർപറേഷൻ മതിപ്പ് ബജറ്റ്.
സമാധാനവും സമത്വവും നിറഞ്ഞ സുരസ്ഥിര വികസനത്തിന് നൂതന-ശാസ്ത്രീയ പദ്ധതികൾ മുന്നോട്ടുവെക്കുന്നതാണ് ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് അവതരിപ്പിച്ച നടപ്പ് കൗൺസിലിന്റെ അവസാന ബജറ്റ്.
സമഗ്രമേഖലകളെയും പരിഗണിച്ച ബജറ്റിൽ നേരത്തേ നിരവധി തവണ ഉൾപ്പെടുത്തിയിട്ടും നടപ്പാകാത്ത പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. നവ കേരളത്തെ വാർത്തെടുക്കുന്നതിൽ കോഴിക്കോടിനെ ഒരുപടി മുന്നേ നയിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്.
രാവിലെ 10ന് തുടങ്ങിയ ബജറ്റ് അവതരണം മൂന്ന് മണിക്കൂർ നീണ്ടു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ചർച്ചയിൽ കെ. നിർമല, എം.സി. സുധാമണി, കെ.പി. രാജേഷ് കുമാർ, അജീബബിവി, ആയിശബി പാണ്ടികശാല, കെ. റംലത്ത്, മനോഹരൻ മങ്ങാറിൽ, ഷമീന, ബിജുയാൽ, പ്രവീൺ, ഈസ അഹമ്മദ്, രജനി, മോഹനൻ, നിഖിൽ, സുജാത, സരിത പറയേരി, സത്യഭാമ, അനുരാധ തായാട്ട് എന്നിവർ പങ്കെടുത്തു.
റെക്കോഡ് നീക്കിയിരിപ്പ്
കോർപറേഷന്റെ ചരിത്രത്തിലെതന്നെ റെക്കോഡ് നീക്കിയിരിപ്പാണ് അവതരിപ്പിച്ചത്. 374,88,75,608 നീക്കിയിരിപ്പാണ് പ്രതീക്ഷിക്കുന്നത്. 149,17,14,737 രൂപ വർഷാരംഭത്തിലെ മുന്നിരിപ്പും 355,05,59,500 വരവും മൂലധനം വരവായി 1240,66,41,819 രൂപ അടക്കം 1745 കോടിയാണ് ബജറ്റിലെ പ്രതീക്ഷിത വരവ്. 1061 കോടി സാധാരണ ചെലവും 335 കോടി മൂലധന ചെലവുമായി ആകെ 1397 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്.
ലഹരിയോട് ഗുഡ്ബൈ പറയാം
- ‘കുട്ടികൾ കളിക്കട്ടെ’ കാമ്പയിനിന്റെ ഭാഗമായി കളിസ്ഥലങ്ങൾ നവീകരിക്കും
- വാർഡുകളിൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും
- എൻഫോഴ്സ്മെന്റിന് എസ്.പി.സി, എൻ.എസ്.എസ് സഹകരണം തേടും
- ബീച്ചാശുപത്രിയിൽ ദീപ്തം റിഹാബിലിറ്റേഷൻ യൂനിറ്റ് തുടങ്ങും
- ലഹരിക്കടിമയായവർക്ക് കിടത്തിചികിത്സ തുടങ്ങുന്ന ആശുപത്രികൾക്ക് കോർപറേഷൻ സഹായം
- ആൽഫാ ജനറേഷൻ കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് പരിശീലനം
- യുവതലമുറയുടെ ആഗ്രഹത്തിനനുസരിച്ച് കായിക പരിശീലന കേന്ദ്രങ്ങൾ
ആരോഗ്യം പരമ പ്രധാനം
- അർബുദം, ഹൃദ്രോഗം, വൃക്ക ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കായി മെഡിക്കൽ കോളജിൽ കെയർഹോം
- പൊന്നങ്കോട് കുന്നിൽ പുതിയ ആരോഗ്യകേന്ദ്രം
- സർക്കിൾ ഓഫിസുകൾ സ്മാർട്ടാക്കും
സുസ്ഥിര സമൂഹം
- അതിദരിദ്രരിലും പട്ടിക ജാതിക്കാരിലുംപെട്ട എല്ലാവർക്കും ഭവനം
- ലൈഫ് ഭവന പദ്ധതിയിൽ 750 പേർക്ക് വീട് നൽകുന്നതിനായി 25 കോടി
- ബൗദ്ധിക ഭിന്നശേഷി കുട്ടികൾക്കായി റെസ്പൈറ്റ് കെയർ സെന്റർ
- സൗത്ത് ബീച്ചിൽ 35 കുടുംബങ്ങളെ പുനരധിവസിപ്പിക്കും
- വീട് അറ്റകുറ്റപ്പണി ധനസഹായത്തിനായി അഞ്ചുകോടി
- വയോജന ഒത്തുചേരലിന് 75 വാർഡുകളിൽ തണലിടം
- വയോജനങ്ങളെ പരിചരിക്കുന്നതിന് പരിശീലനം
- വൃദ്ധസദനങ്ങളിൽ മെഡിക്കൽ ഓഫിസറുടെ സേവനം
കാലാവസ്ഥാ വ്യതിയാനം നേരിടും
- നഗരത്തെ 2040 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രലാക്കും
- വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും
- കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന ആല്‍ഗകള്‍ വളര്‍ത്തും
- അന്തരീക്ഷ മലിനീകരണം തടയാന്‍ വായു ഗുണനിലവാര പരിശോധന
- നഗരത്തിൽ ഹീറ്റ് ആക്ഷൻ പ്ലാൻ
- പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കും
- പൊതുഇടങ്ങളിൽ താൽക്കാലിക കൂളിങ് സെന്ററുകൾ
- സൗരോര്‍ജ പ്ലാന്റുകളും സൗരോര്‍ജ തെരുവുവിളക്കും പ്രോത്സാഹിപ്പിക്കും
- വഴിയോരങ്ങളിൽ തണൽമരം വെച്ചുപിടിപ്പിക്കും
- തീപിടിത്തം കുറക്കുന്നതിന് കർമപദ്ധതി
- തീരദേശത്ത് വേലിയേറ്റ മാപിനികൾ സ്ഥാപിക്കും
- സ്കൂളുകളിലും കോളജുകളിലും ദുരന്ത നിവാരണ ക്ലബുകൾ
മറ്റ് പ്രധാന പദ്ധതികൾ
- നഗരത്തിലെ റോഡുകളുടെ വികസനത്തിനായി 46 കോടി
- റോഡ് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ
- കല്ലുത്താന്‍കടവ് മാര്‍ക്കറ്റ് വരുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജങ്ഷന് നവീകരിക്കാന്‍ ഭൂമിയേറ്റെടുക്കും
- സ്റ്റാര്‍ട്ടപ് പ്രോത്സാഹനം. വനിതകള്‍ക്ക് മാത്രം സ്റ്റാര്‍ട്ടപ് കേന്ദ്രം
- റെഡി ടു ഈറ്റ് ആന്‍ഡ് കുക്ക് ഫിഷ് സെന്റര്‍
- ദുരന്തനിവാരണത്തിനായി യൂത്ത് ഇനീഷ്യേറ്റീവ്
- സ്ത്രീകൾക്കായി വയോജന കേന്ദ്രം
- സ്ത്രീകൾക്കായി വ്യവസായ ക്ലസ്റ്ററുകൾ
- മാനാഞ്ചിറ മുഖം മിനുക്കും
- കല്ലായിയെ അന്താരാഷ്ട്ര വ്യവസായ ടൂറിസം കേന്ദ്രമാക്കും
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
- പുതിയ ബസ് സ്റ്റാൻഡ് നവീകരണം
- മീഞ്ചന്ത ബസ് സ്റ്റാന്‍ഡ് -രണ്ടുകോടി
- കൗണ്‍സില്‍ ഹാളുള്‍പ്പെടെ കോര്പറേഷന് ഓഫിസ് അനക്സ് കെട്ടിടം അഞ്ചുകോടി
- ആധുനിക അറവുശാല
- റെയില്‍വേ സ്റ്റേഷന് ഓയിറ്റി റോഡ് 12 മീറ്ററാക്കും
- ഈ ഭാഗത്ത് പുതിയ മേൽപാലം ആലോചന
- പഴയ കോര്പറേഷന് ഓഫിസ് മ്യൂസിയമാക്കല് -രണ്ടുകോടി
- ബീച്ചിൽ നൈറ്റ് ലൈഫ്
- കോഴിക്കോട് ഷോപ്പിങ് ഫെസ്റ്റ്
- സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണം
സാഹിത്യം തന്നെ അലങ്കാരം
- കോനാട് ബീച്ചിൽ എം.ടിയുടെ സ്മരണക്ക് സാഹിത്യ മ്യൂസിയം
- മൊയ്തു മൗലവി മ്യൂസിയം പഠന ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കും
- നെല്ലിക്കോട് സാംസ്കാരിക കേന്ദ്രം തുടങ്ങാൻ അഞ്ചുലക്ഷം
- വൈക്കം മുഹമ്മദ് ബഷീർ സമാരകം ഒന്നാംഘട്ടം ജൂലൈയോടെ പൂർത്തീകരിക്കും, രണ്ടാം ഘട്ടത്തിന് 16 ഏക്കർ ഭൂമി ഉടൻ ഏറ്റെടുക്കും
- ആനക്കുളം സാംസ്കാരിക നിലയം നവീകരിക്കും
- നഗരവിശേഷം മാസികയിൽ ഇനി സാഹിത്യ വാർത്തകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.