കോഴിക്കോട്: മരണം ഭയമില്ലാത്ത ഫലസ്തീൻ ജനതയെ തോൽപ്പിക്കാൻ ഇസ്രായേലിനു കഴിയില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥനാരാവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 75 വർഷമായി ഫലസ്തീനെ വംശീയമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും അമേരിക്കക്കും ഇസ്രായേലിനും അതിനു സാധിച്ചിട്ടില്ല. ലോകത്ത് എല്ലാ ആധുനിക സംവിധാനത്തോടെയും ആയുധങ്ങളോടെയും ഒന്നര വർഷം പരിശ്രമിച്ചിട്ടും ഒരു ബന്ധിയെപ്പോലും മോചിപ്പിക്കാൻ കഴിയാതെ വെടിനിർത്തൽ കരാറിൽ ഒപ്പിടേണ്ടി വന്ന നെതാന്യാഹു ഫലസ്തീൻ പോരാട്ടത്തിനു മുന്നിൽ പരാജയപ്പെട്ടത് ലോകം കണ്ടതാണ്. തന്റെ പൂർവികർക്ക് സാധിക്കാത്തത് നെതാന്യഹിവിനും സാധിക്കില്ലെന്ന് പി. മുജീബുറഹ്‌മാൻ കൂട്ടിച്ചേർത്തു.
നിശ്ചയദാർഢ്യം കൊണ്ടും വിശ്വാസത്തിന്റെ കറുത്തുകൊണ്ടും കൂടിയാണ് ഫലസ്തീൻ ജനതയും ഗസ്സയും പോരാടുന്നത്. ലോകത്തിന്റെ ശബ്ദം ഗസ്സക്ക് വേണ്ടി കൂടുതൽ ഉച്ചത്തിൽ സംസാരിക്കണമെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.
നമസ്കാരത്തിനും പ്രാർത്ഥന സംഗമത്തിലും ആയിരങ്ങൾ പങ്കെടുത്തു. വിത്ർ നമസ്കാരത്തിനും ഖുനൂത്തിനും ജമാഅത്തെ ഇസ്‌ലാമി കേന്ദ്രശൂറാ അംഗം ഡോ. അബ്ദുസ്സലാം അഹമ്മദും തറാവീഹ് നമസ്‍കാരത്തിനു ജമാഅത്തെ ഇസ്‌ലാമി കേരളശൂറാ അംഗം ഡോ.നഹാസ് മാളയും നേതൃത്വം നൽകി.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര ശൂറാ അംഗം ഡോ. അബ്ദുസ്സലാം അഹ്‌മദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ഡോ. നഹാസ് മാള, മുഫ്തി അമീൻ അൽ ഖാസിമി മാഹി, ചിന്തകനും എഴുത്തുകാരനുമായ ഡോ. പി.കെ പോക്കർ, പി.കെ പാറക്കടവ്, പി. സുരേന്ദ്രൻ, മറുവാക്ക് മാഗസിൻ എഡിറ്റർ അംബിക, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത്, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിദ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന കെ, ശബാബ് വരിക എഡിറ്റർ ഡോ. സുഫ്‌യാൻ അബ്ദുസത്താർ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, സെക്രട്ടറി ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.