കോഴിക്കോട്: മെഡി. കോളജില്‍ മൂന്നുമാസമായി തുടരുന്ന മരുന്ന് വിതരണ സമരം ഒത്തുതീര്‍പ്പാക്കി. ഒമ്പത് മാസത്തെ കുടിശ്ശികയില്‍ രണ്ടുമാസത്തെ തുക കൂടി ലഭിച്ചതോടെയാണ് കമ്പനികള്‍ വിതരണത്തിന് തയാറായത്. ചൊവ്വാഴ്ച മുതൽ മരുന്ന് വിതരണം പുനരാരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.
ബാക്കി തുക അടുത്ത മാസം അവസാനത്തോടെ നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചതായി ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ഭാരവാഹികൾ അറിയിച്ചു. കമ്പനി ഭാരവാഹികള്‍ മെഡി. കോളജ് ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്.
80 കോടി രൂപയോളം കുടിശ്ശികയായതിനാൽ ജനുവരി 10 മുതലാണ് മരുന്ന് കമ്പനികള്‍ മെഡി. കോളജ് ന്യായവില ഷോപ്പിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. ഇതോടെ കാരുണ്യ അടക്കമുള്ള ഇന്‍ഷുറന്‍സ് സ്കീമിലൂടെയുള്ള ചികിത്സ മുടങ്ങിയിരുന്നു.
കുടിശ്ശികയില്‍ ഒന്നര മാസത്തെ തുക നല്കി സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വിതരണക്കാര്‍ തയാറായില്ല. തുടര്‍ന്ന് ചില മരുന്നുകള്‍ സര്‍ക്കാര്‍ കാസ്പ് വഴി നേരിട്ടെത്തിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.വൃക്കരോഗികള്‍ ഡയാലിസിസിന് ആവശ്യമായ മിക്ക മരുന്നും ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിക്കൊണ്ടിരിക്കെയാണ് സമരം ഒത്തുതീര്‍പ്പാകുന്നത്.
ചര്‍ച്ചയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍, ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ഭാരവാഹികളായ സാംസണ് എം. ജോണ്‍, എം.പി. റിയാസ്, അബ്ദുല്‍ സത്താര്‍, രാഗേഷ് തോമസ്, വിദ്യാസാഗര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.