സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോടിന് വലിയ പങ്ക് -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് കോഴിക്കോട് വേദിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയായ കോഴിക്കോട് തുടക്കം മുതല്‍ തന്നെ വൈദേശികാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഉജ്ജ്വലമായ ചെറുത്തുനില്‍പ്പുകളും ചടുലമായ ഇടപെടലുകളും വിപ്ലവകരമായ നിലപാടുകളുമായി കോഴിക്കോട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന ഇടം നേടി. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രധാന സമരകേന്ദ്രം കൂടിയായിരുന്നു കോഴിക്കോടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നടന്ന സമരങ്ങളെയും സത്യാഗ്രഹങ്ങളെയും കുറിച്ച് പ്രതിപാദിച്ച മന്ത്രി കോഴിക്കോടിന്റെ മണ്ണിനഭിമാനമായി മാറിയ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ മതസൗഹാര്‍ദവും പരസ്പര സ്‌നേഹവും ബഹുമാനവും മുറുകെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറും മുതല്‍ ടാഗോര്‍, ഝാന്‍സി റാണി, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികള്‍ വേദിയിലെത്തി. എ.കെ ജി, കെ കേളപ്പന്‍, മന്നത്ത് പത്മനാഭന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, പഴശ്ശിരാജ, ഇ.എം.എസ് തുടങ്ങിയവരുടെ വേഷത്തിലും കുട്ടികളെത്തിയിരുന്നു.

ദേശഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ അവതരണത്തോടെയാണ് കലാ പരിപാടികള്‍ ആരംഭിച്ചത്. വന്ദേമാതരം, സാരേ ജഹാം സേ അച്ഛാ തുടങ്ങിയ ഗീതങ്ങള്‍ കുട്ടികളും ദേശാഭക്തിയോടെ ഏറ്റുചൊല്ലി. ദേശഭക്തിഗാനം, നൃത്താവിഷ്‌കാരം, സംഗീതാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കുട്ടികള്‍ അവതരിപ്പിച്ചു. ത്രിവര്‍ണ്ണ പതാകയും ത്രിവര്‍ണ്ണത്തിലുള്ള ബലൂണുകളും തൊപ്പികളുമായി കുട്ടികള്‍ അണിനിരന്നപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ട കാഴ്ചയായി മാറി.

ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷനിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Kozhikode has a big role in the history of freedom struggle - Minister Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.