കോഴിക്കോട്: പണിമുടക്കിനും ബസ് സമരത്തിനും ശേഷം പൊതുവാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടും നഗരം ഗതാഗതക്കുരുക്കിൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പലപ്പോഴായി രൂക്ഷ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പാളയം, പാവമണി റോഡ്, ചെറൂട്ടിറോഡ്, ബീച്ച് റോഡിൽ മുഹമ്മദലി കടപ്പുറം ഭാഗം, പഴയ പാസ്പോർട്ട് ഓഫിസ് റോഡ്, കോർട്ട് റോഡ്, റെഡ് ക്രോസ് റോഡ്, ബാങ്ക് റോഡ്, രാജാജി റോഡ്, ജാഫർഖാൻ കോളനി റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാവരും സ്വന്തം വാഹനങ്ങളുമായി ഇറങ്ങുന്നതിനാൽ ഓരോ ട്രാഫിക് സിഗ്നലിലും നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
മാവൂർ റോഡ് നന്തിലത്ത് ജങ്ഷനിലെ സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ മാവൂർ റോഡ് ജങ്ഷൻ വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. സ്വതവേ വാഹനങ്ങൾ കുറയുന്ന ഉച്ച സമയത്ത് പോലും മാവൂർ റോഡിൽ ഇതേ തിരക്കാണ്.
പുതിയറ ജങ്ഷൻ മുതൽ കോംട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ വരെ രണ്ട് ട്രാഫിക് സിഗ്നലുകളും തിരക്ക് വർധിപ്പിക്കുന്നു. മിംസ് ആശുപത്രി മുതൽ മാങ്കാവ് ജങ്ഷൻ വരെ വൈകീട്ട് കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. തിരുവണ്ണൂർ -ഒടുമ്പ്ര -കമ്പിളിപ്പറമ്പ് റോഡ് വരെയും കുരുക്ക് നീണ്ടു. മിനി ബൈപാസിൽ നായർമഠം ഭാഗത്തുനിന്ന് തുടങ്ങിയ ഗതാഗതക്കുരുക്ക് ബൈപാസ് ജങ്ഷൻ വരെയുണ്ടായിരുന്നു. കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ വട്ടക്കിണർ ജങ്ഷൻ മുതൽ അരീക്കാട് ജങ്ഷൻ വരെയും ചെറുവണ്ണൂർ മുതൽ കോയാസ് വരെയും കടുത്ത ഗതാഗതക്കുരുക്കിലായിരുന്നു. കോയാസ് -ചെറുവണ്ണൂർ ജങ്ഷൻ ദിവസവും ഗതാഗതക്കുരുക്കിലാണ്. രാവിലെയും വൈകീട്ടും വാഹനങ്ങൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കൂടുതൽ വാഹനങ്ങൾ എത്തിയത് ഫറോക്ക് പഴയപാലത്തിലെയും തിരക്കേറ്റി. രാമനാട്ടുകര ജങ്ഷനിലും വലിയ തിരക്കായിരുന്നു.
രാവിലെ ജോലിക്ക് പോകുന്നവരും വൈകീട്ട് ജോലി കഴിഞ്ഞിറങ്ങുന്നവരുമാണ് ഏറെയും തിരക്കിൽപെടുന്നത്. പലയിടത്തും ട്രാഫിക് പൊലീസിന്റെ വാഹന നിയന്ത്രണം അശാസ്ത്രീയമാകുന്നുമുണ്ട്.
ഒരു ഭാഗത്തെ വാഹനങ്ങൾ തടഞ്ഞ് മറുഭാഗത്ത് വാഹനങ്ങൾ വിടുമ്പോൾ തടഞ്ഞ ഭാഗത്ത് ചെറുവാഹനങ്ങൾ വന്നു നിറയുകയും പോകാൻ അനുവദിക്കുന്ന ഭാഗത്തെ വാഹനങ്ങൾക്ക് ഇതുമൂലം കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയുമുണ്ടാവുകയുമാണ്. പലയിടങ്ങളിലും പെട്രോൾ പമ്പുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ചില പെട്രോൾ പമ്പുകളിൽ ഇന്ധനം തീർന്നതോടെ നഗരപ്രാന്തങ്ങളിലെ പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.