കോഴിക്കോട്: നിർമാണത്തിലെ വൈകല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉടൻ ഒഴിപ്പിക്കും. കോഴിക്കോട് മാവൂർ റോഡ് പുതിയ ബസ്സ്റ്റാൻഡിലേക്കാണ് ബസ് സർവിസുകൾ തൽക്കാലം പുനഃക്രമീകരിക്കുക. ദീർഘദൂര ബസുകൾ ഇവിടെ കേന്ദ്രീകരിച്ച് സർവിസ് നടത്താനാണ് പദ്ധതി. ലോക്കൽ സർവിസുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാവും സർവിസ് നടത്തുക എന്നാണ് വിവരം. ഡിപ്പോ പാവങ്ങാട് പ്രവർത്തിക്കും.
ബസ് സ്റ്റാൻഡ് മാറ്റം സംബന്ധിച്ച് കോഴിക്കോട് കോർപറേഷന് കത്ത് നൽകാൻ നടപടികളായി. കോർപറേഷന്റെ അധീനതയിലാണ് മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബസ് സ്റ്റാൻഡ് മാറ്റവും കെട്ടിടം ബലപ്പെടുത്തലും സംബന്ധിച്ച് യോഗം നടന്നിരുന്നു.
അതിനിടെ, ബസ് സ്റ്റാൻഡിലെ ടീ സ്റ്റാളുകൾ പൊലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ചത് വിവാദമായിട്ടുണ്ട്. കെട്ടിടം ലീസിനെടുത്ത അലിഫ് ബിൽഡേഴ്സിന് ടീ സ്റ്റാളുകൾ കൂടി കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ എന്ന ആരോപണമുയർന്നിട്ടുണ്ട്.
ബസ് ടെർമിനലിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടി റിപ്പോർട്ടിനെ തുടർന്നാണ് വീണ്ടും ബലപ്പെടുത്തൽ പ്രവൃത്തികൾക്ക് ഒരുങ്ങുന്നത്. തൂണുകൾക്കും സ്ലാബിലും വിള്ളലുള്ളതിനാൽ ഉടൻ ബലപ്പെടുത്തൽ പ്രവൃത്തി ആരംഭിക്കണമെന്ന് ഐ.ഐ.ടി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന് പിറകെ നിർമാണവും ലീസിന് കൊടുക്കലുമൊക്കെയായി ബന്ധപ്പെട്ട് വലിയ വിവാദം അരങ്ങേറിയതോടെ സർക്കാർ നടപടികളെല്ലാം രഹസ്യമായാണ് നടക്കുന്നത്. ബസ് സ്റ്റാൻഡ് തന്നെ ഇവിടെനിന്ന് ഒഴിപ്പിച്ച് വ്യാപാര സമുച്ചയം മാത്രമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണെന്ന് സി.ഐ.ടി.യു വരെ ആരോപണവുമായി രംഗത്തു വന്നു.
കെട്ടിടം ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിനു വേണ്ടി കെ.ടി.ഡി.എഫ്.സിയും കെ.എസ്.ആർ.ടി.സിയും ഒത്തുകളിക്കുകയാണ് എന്നു വരെ തൊഴിലാളി സംഘടനകൾ ആരോപിച്ചു. പുതിയ സാഹചര്യത്തിൽ വീണ്ടും കെ.എസ്.ആർ.ടി.സി കെട്ടിടവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.