കോഴിക്കോട്: രോഗികളുടെ ആധിക്യവും ഡോക്ടർമാരുടെ കുറവും കാരണം വലിഞ്ഞുമുറുകുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ത്വഗ് രോഗ വിഭാഗം. 13 ഡോക്ടർമാർ വേണ്ട ത്വഗ് രോഗ വിഭാഗത്തിൽ ഒരു പ്രഫസർ അടക്കം നാലു ഡോക്ടർമാർ മാത്രമാണ് നിലവിലുള്ളത്. ഇതോടെ ത്വഗ് രോഗ വിഭാഗത്തിന്റെ എൻ.എം.സി (നാഷനൽ മെഡിക്കൽ കൗൺസിൽ) അംഗീകാരം കൈയാലപ്പുറത്തായി. നാലു ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലംമാറ്റിയതാണ് വകുപ്പിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കിയത്.
നിലവിൽ ഒരു പ്രഫസറും ഒരു അസോസിയേറ്റ് പ്രഫസറും രണ്ട് അസിസ്റ്റന്റ് പ്രഫസർമാരുമാണുള്ളത്. ഒരു പ്രഫസർ, ആറ് അസിസ്റ്റന്റ് പ്രഫസർമാർ, രണ്ടു സീനിയർ റെസിഡന്റുമാർ എന്നിവരുടെ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ഡോക്ടർമാർ കുറഞ്ഞതോടെ പല സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും പ്രവർത്തനം മുടങ്ങി. വെള്ളപ്പാണ്ട്, സോറിയാസിസ്, വെർക്കേരിയ, അലർജി തുടങ്ങിയ ക്ലിനിക്കുകൾ നിർത്തലാക്കിയിരിക്കുകയാണ്.
രണ്ട് ഡോക്ടർമാരെ വയാനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റി. രണ്ട് അസിസ്റ്റന്റ് പ്രഫസർമാരെ ഇടുക്കി, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കും സ്ഥലം മാറ്റി. നിലവിൽ സീനിയർ റെസിഡന്റുമാരായി ആരുമില്ല. നിലവിലുള്ള ഡോക്ടർമാരെ വെച്ച് രോഗികളെ ചികിത്സിക്കുകയും വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്യണം. ഓരോ വർഷവും ഏഴു വിദ്യാർഥികളാണ് ത്വഗ് രോഗ വിഭാഗത്തിൽ പി.ജി ചെയ്യുന്നത്. മൂന്നു സെമസ്റ്ററുകളിലായി 21 പേർ. ഇവർക്ക് ക്ലാസുകൾ നൽകേണ്ടതും ഈ നാല് അധ്യാപകരാണ്. ഇതിനു പുറമേ എം.ബി.ബി.എസ് വിദ്യാർഥികൾക്കും ക്ലാസെടുക്കണം.
അതേസമയം, ചികിത്സക്ക് എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ഡോക്ടർമാരുടെ എണ്ണം കുറയുകയും ചെയ്തതോടെ വകുപ്പിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത ജനുവരിയോടെ മെഡിക്കൽ പി.ജി പരീക്ഷ നടക്കും. ഇതോടനുബന്ധിച്ച് നാഷനൽ മെഡിക്കൽ കൗൺസിൽ ഇസ്പെക്ഷനുമുണ്ടാവും. ഇത്രയും കുറഞ്ഞ അധ്യാപകർ മാത്രമുള്ള വകുപ്പിന് എൻ.എം.സി അഗീകാരം നഷ്ടപ്പെടുമോ എന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ ആശങ്ക. ഡോക്ടർമാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിരവധി തവണ കത്ത് നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.