കോഴിക്കോട്: കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയത്തിെൻറ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. ഈ മാസം 26ന് വൈകുന്നേരം ആറിന് മാവൂർ റേഡിലെ സമുച്ചയത്തിൽ ഒരുക്കുന്ന ചടങ്ങിൽ കരാർകമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ച് കൈമാറ്റച്ചടങ്ങ് നടക്കും. നാല് മന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കും.
മന്ത്രിമാരായ ആൻറണി രാജു, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കെ.ടി.ഡി.എഫ്.സി ചെയർമാൻ കോഴിക്കോട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. കരാർ എടുത്ത കമ്പനിയുമായും കൂടിക്കാഴ്ച നടത്തി.വാണിജ്യകേന്ദ്രത്തിലെ പൊതുസ്ഥലങ്ങളുടെ അവസാന നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യ നിലയിലെ വിശാലമായ സ്ഥലത്ത് ടൈൽസ് വിരിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അലിഫ് ബിൽഡേഴ്സിനാണ് 30 വർഷത്തേക്ക് വാടകക്ക് നൽകുന്നത്. അവരാണ് വ്യാപാര- വ്യവസായ ആവശ്യങ്ങൾക്ക് സ്ഥലം വിഭജിച്ചുകൊടുക്കുക.
നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും നിശ്ചയിച്ചാണ് അലിഫ് ബിൽഡേഴ്സിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) കൈമാറുന്നത്. 30 വർഷത്തിനിടയിൽ ആനുപാതിക വാടക വർധനയുണ്ടാവുമോ എന്ന് വ്യക്തമല്ല.
30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിൽ 74.63 കോടി ചെലവിലാണ് കെ.ടി.ഡി.എഫ്.സി അഞ്ച് വർഷം മുമ്പ് കെട്ടിടം പണി പൂർത്തിയാക്കിയത്. വാടകയിനത്തിൽ ലഭിക്കുന്ന വരുമാനത്തിെൻറ നിശ്ചിത ശതമാനം കെ.ടി.ഡി.എഫ്സി കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്നാണ് നേരത്തെയുള്ള കരാർ. കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങളും ലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളും കാരണം പണി പൂർത്തിയായ കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. യഥാസമയം ലേലനടപടികൾ പൂർത്തിയായിരുന്നെങ്കിൽ കെ.ടി.ഡി.എഫ്സിക്കും കെ.എസ്.ആർ.ടി.സിക്കും ഇതിനകം വലിയ വരുമാനം ലഭിക്കുമായിരുന്നു. നിലവിൽ ലേലത്തിന് നൽകിയത് തുച്ചമായ വരുമാനം കണക്കാക്കിയാണ് എന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ബസ്സ്റ്റാൻഡിൽ സ്ക്വയർഫീറ്റിന് 1600 രൂപ കണക്കാക്കിയാണ് കിയോസ്കുകൾ ലേലത്തിന് പോയത്. പത്ത് നിലകൾ വീതമുള്ള 'ട്വിൻ ബിൽഡിംഗി'ലെ വാണിജ്യ ഏരിയക്ക് നിലവിലെ കണക്കുപ്രകാരം കുറഞ്ഞ തുകയാണ് വാടക നിശ്ചയിച്ചത്.
വെറുതെ കിടക്കുന്നതിനേക്കാൾ നല്ലതാണ് തുച്ഛമായ വരുമാനമെങ്കിലും ലഭിക്കുന്നത് എന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിക്ക്. 3.22 ഏക്കര്‍ സ്ഥലത്താണ് കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരസമുച്ചയം. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് പഴയ കെ.എസ്.ആർ.ടി.സി പൊളിച്ച് പുതിയ വ്യാപാരസമുച്ചയനിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.