കോഴിക്കോട്: ഇന്‍ഷുറന്‍സില്ലാത്ത കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് 8.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രൈബൂണൽ ജഡ്ജി കെ. രാജേഷ് ഉത്തരവിട്ടു. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്ത് അമിത വേഗത്തിലെത്തിയ ബസ് പറമ്പില്‍ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ പി.പി. റാഹിദ് മൊയ്തീന് അലി (27) സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചുവെന്നാണ് കേസ്.
ഡ്രൈവര്‍ പാഴൂര്‍ പരതക്കാട്ടുപുറായില്‍ എം.പി. ശ്രീനിവാസന് (46), കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ ഒന്നും, രണ്ടും, മൂന്നും എതിര് കക്ഷികളാക്കി നൽകിയ കേസിൽ അപകടം നടന്ന ദിവസം ബസിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പലിശ അടക്കം 8,44,007 രൂപ കെ.എസ്.ആര്.ടി.സി ബസ് ഓടിച്ച ഡ്രൈവറും കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണമെന്ന് വിധിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. എം. മുഹമ്മദ് ഫിര്‍ദൗസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.