കുന്ദമംഗലം: സംസ്ഥാന പാതയായ കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വീണ്ടും മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കളാണ് ഇവിടെ മാസങ്ങളായി മാലിന്യക്കൂമ്പാരമായി വെച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് 'മാധ്യമം' വാർത്തയെ തുടർന്ന് മാലിന്യം നീക്കം ചെയ്തു തുടങ്ങിയിരുന്നു. രണ്ട് ദിവസം തുടർച്ചയായി കണ്ടെയ്നർ ലോറിയിൽ മാലിന്യം മാറ്റിയെങ്കിലും ഏതാനും ലോഡ് മാലിന്യങ്ങൾ കൂടി ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞദിവസം വീണ്ടും പാഴ്വസ്തുകളുമായി വന്ന രണ്ട് ലോഡുകളാണ് പ്രദേശവാസികൾ തടഞ്ഞത്. പഞ്ചായത്തിന് സ്വന്തമായി എം.സി.എഫ് സംവിധാനം ഇല്ലാത്തതിനാൽ പല പ്രദേശങ്ങളിൽനിന്നുള്ള പാഴ്വസ്തുശേഖരം ആനപ്പാറയിൽ റോഡരികിൽ സൂക്ഷിക്കുകയാണ്. ഇത് പ്രദേശവാസികൾക്കും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മഴയിൽ മാലിന്യങ്ങൾ ചീഞ്ഞുനാറുകയും നായ്ക്കൾ മാലിന്യം വലിച്ചുകീറി പലയിടത്തും കൊണ്ടിടുകയും ചെയ്യുന്നത് നാട്ടുകാർക്ക് ദുരിതമായി മാറിയിരുന്നു. ലോഡുമായി വന്ന വാഹനം തടയുകയും സ്ഥലത്തുണ്ടായിരുന്ന മുഴുവൻ മാലിന്യങ്ങളും നാട്ടുകാർ ഇടപെട്ട് അധികൃതരെകൊണ്ട് നീക്കം ചെയ്യിപ്പിക്കുകയുമായിരുന്നു.
കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനും മാലിന്യം തള്ളുന്നതിനെതിരെ രംഗത്തു വരുകയും ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഴുവൻ മാലിന്യങ്ങളും എടുത്തുമാറ്റിയതിനാൽ റോഡരികിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങുമെന്ന് പഞ്ചായത്ത് അംഗം സി.എം. ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.