കുന്ദമംഗലം: കേന്ദ്ര സർക്കാറിന്റെ കീഴിൽ എൻ.ടി.എ നടത്തിയ നീറ്റ്, നെറ്റ് പരീക്ഷകൾ ക്രമക്കേടുകളെത്തുടർന്ന് റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ കോഴിക്കോട് എൻ.ഐ.ടിയിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് സ്ഥിര നിയമനം നടന്നതിനെതിരെ പൊതുപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യാപക ക്രമക്കേടും സ്വന്തക്കാരെ തിരുകിക്കയറ്റലും നടന്നതായി സംശയിക്കുന്നുവെന്നും ഈ നിയമന അഴിമതിക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 2023 ജൂലൈ 13ന് നോൺ ടീച്ചിങ് സ്റ്റാഫ് പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി പിടികൂടിയിരുന്നു.
ഹരിയാന സ്വദേശികളാണ് കോപ്പിയടി നടത്തിയത്. ഒരു ഉദ്യോഗാർഥിയെ സംഭവവുമായി ബന്ധപ്പെട്ട് ഡീബാർ ചെയ്തിട്ടുണ്ടെന്നും സംഭവം നടന്ന ദിവസം കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ അവിടെ എത്തിയെങ്കിലും റിക്രൂട്ട്മെന്റ് പരീക്ഷക്കിടെ നടന്ന ക്രിമിനൽ ഒഫൻസ് പൊലീസിന് കൈമാറാനോ നടപടി സ്വീകരിക്കാനോ എൻ.ഐ.ടി അധികൃതർ തയറായിട്ടില്ലെന്നും പരാതിക്കാർ പറഞ്ഞു. ഈ നിയമനങ്ങളിൽ സംവരണക്രമം തെറ്റിക്കുക, സർട്ടിഫിക്കറ്റ് പരിശോധനക്കിടെ ഉദ്യോർഗാർഥികളെ മനപ്പൂർവം പുറത്താക്കുക തുടങ്ങിയ കാര്യങ്ങൾ നടത്തിയാണ് സ്വന്തക്കാരെ നിയമിച്ചത് എന്നും പരാതിയിൽ പറയുന്നു. എൻ.ഐ.ടി തന്നെ രണ്ടാംഘട്ട സ്കിൽ ടെസ്റ്റിൽ പരീക്ഷക്ക് ആബ്സന്റായ ഉദ്യോഗാർഥികൾക്ക് മാർക്ക് നൽകിയത് വാർത്ത ആയിരുന്നു.
ഇതേ കാലയളവിൽ അധ്യാപകരെ നിയമിച്ചതിലും ക്രമക്കേട് നടന്നതായി സംശയമുണ്ടെന്നും പരാതിയിലുണ്ട്. അസി. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിലും മുൻകൂട്ടി ആളെ തീരുമാനിച്ച ശേഷമാണ് പരീക്ഷയും ഇന്റർവ്യൂ നടന്നതെന്ന് സംശയമുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. എൻ.ഐ.ടിയുടെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കേരള ഗവർണർക്കും ഇവർ പരാതി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.