കുന്ദമംഗലം: വിമുക്ത ഭടന്മാർക്ക് ആശ്രയമാകുന്ന ‘സ്പർശ്’ സർവിസ് സെന്ററിനായുള്ള കാത്തിരിപ്പ് നീളുന്നു. പെൻഷൻ സംബന്ധമായ കാര്യങ്ങൾക്കുള്ള കോഴിക്കോട്ടെ ആസ്ഥാനത്തിനുള്ള കാത്തിരിപ്പാണ് നീളുന്നത്. പെൻഷൻ ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിനും മറ്റ് ഇടനിലക്കാരില്ലാതെ വിമുക്ത ഭടന്മാരായ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുമുള്ള വെബ് അധിഷ്ഠിത സംവിധാനമാണിത്. സൈനിക പെൻഷൻകാർക്ക് പെൻഷൻ അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ ലഭിക്കും.
പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (പെൻഷൻസ്), പ്രയാഗ്രാജ് മുഖേന ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. ഡിഫൻസ്, നേവി, എയർ ഫോഴ്സ്, ആർമി ഡിഫൻസ് സിവിലിയൻ തുടങ്ങിയ സർവിസിൽനിന്ന് വിരമിച്ചവർക്ക് പെൻഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഓഫിസിലാണ് നടക്കുന്നത്. പെൻഷൻ, ഫാമിലി പെൻഷൻ, ലൈഫ് സർട്ടിഫിക്കറ്റ്, ഡെത്ത് നോട്ടിഫിക്കേഷൻ, അഡ്രസും മറ്റു കാര്യങ്ങളും മാറ്റം വരുത്തുന്നതുമെല്ലാം ഈ ഓഫിസ് മുഖേനയാണ് ചെയ്യുന്നത്.
2021ലാണ് സ്പർശ് ആരംഭിച്ചത്. രാജ്യത്ത് ഏതാണ്ട് മുഴുവൻ സ്ഥലങ്ങളിലും ഇപ്പോൾ പെൻഷൻ നൽകുന്നത് സ്പർശ് മുഖേനയാണ്. പെൻഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലുള്ളവർ ഇപ്പോൾ കണ്ണൂർ ജില്ലയിലുള്ള സ്പർശ് ഓഫിസിലേക്കാണ് പോകുന്നത്. കോഴിക്കോട് ഓഫിസ് വന്നാൽ പ്രായമായ വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസമാകും. ഓഫിസ് കോഴിക്കോട് ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിൽ ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയവയിൽ 30,000ത്തോളം പെൻഷൻകാരുണ്ട്. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ജി.ആർ.ഇ.എഫ്, ഐ.ടി.ബി.ടി തുടങ്ങിയവയിൽനിന്ന് പെൻഷനായവർ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.