കുറ്റ്യാടി: കുറ്റ്യാടി 110 കെ.വി സബ്സ്റ്റേഷനിൽനിന്നുള്ള വിവിധ ഫീഡർ ലൈനുകളുടെ പരിധിയിലായതിനാൽ അടിക്കടി വൈദ്യുതിപോകുന്ന കുറ്റ്യാടി ടൗണിൽ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഫീഡർ ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാവുന്നു. കക്കട്ടിൽവരെയുള്ള കുന്നുമ്മൽ ഫീഡറിൽനിന്നാണ് നിലവിൽ ടൗണിൽ ഏറ്റവും കൂടുതൽ വൈദ്യുതി കണക്ഷനുള്ളത്.
ഓവർലോഡ് കാരണം ഇതിൽ പതിവായി വൈദ്യുതി പോകും. കൂടാതെ കക്കട്ടിൽ സെക്ഷൻ ഓഫിസിന്റെ പരിധിയിൽകൂടി ഈ ഫീഡർ ഉള്ളതിനാൽ അവിടെ എന്ത് തകരാറുണ്ടായാലും കുറ്റ്യാടി ടൗണിലും വൈദ്യുതി മുടങ്ങും. തകരാറുകൾ പരിഹരിക്കാൻ കക്കട്ടിൽ സെക്ഷനും നടപടിയെടുത്താലേ കുറ്റ്യാടി ടൗണിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു.
കൂടാതെ വിലങ്ങാട് ഫീഡർ, തൊട്ടിൽപാലം ഫീഡർ, കടിയങ്ങാട് ഫീഡർ എന്നിവയുടെ പരിധിയിലും കുറ്റ്യാടി ടൗൺ ഉൾപ്പെടുന്നുണ്ട്. പ്രശ്നം നിയമസഭയിൽ വരെ എത്തിയതിനാൽ ഇതിന് പ്രത്യേക ഫണ്ട് അനുവദിക്കുകയായിരുന്നു. കുറ്റ്യാടി ടൗണിലേക്കും പരിസരത്തുമായി കേബിൾ വഴിയാണ് ഫീഡർ ലൈൻ വലിച്ചത്.
നാദാപുരം റോഡിൽ കുളങ്ങരതാഴ വരെയും, വയനാട് റോഡിൽ ഓതിയോട്ട് പാലം വരെയും, കോഴിക്കോട് റോഡിൽ കുറ്റ്യാടി പാലം വരെയും, മരുതോങ്കര റോഡിൽ അമാന ആശുപത്രിവരെയും ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. മൊത്തം 28 ട്രാൻസ്ഫോർമറുകൾ ഈ ഫീഡറിന്റെ പരിധിയിൽ വരുമെന്ന് കുറ്റ്യാടി സെക്ഷൻ അധികൃതർ പറഞ്ഞു. സബ്സ്റ്റേഷനിൽ പുതിയ ഫീഡറിന്റെ സ്വിച്ചുകളും മറ്റും സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.