കുറ്റ്യാടി: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതി പിടിയിലാവാത്തതിൽ നിരാശരായ കുടുംബം വീടു പൂട്ടി വിദേശത്തേക്ക് പോയി. കക്കട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്ന തെലങ്കാന സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായത്. സംഭവമറിഞ്ഞ് പിറ്റേന്നു തന്നെ വിദേശത്തുനിന്ന് ഭർത്താവ് നാട്ടിലെത്തിയിരുന്നു. ഉന്നത പൊലീസ് മേധാവികൾ, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, വിവിധ പാർട്ടികൾ തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിട്ടും കേസിന് തുമ്പുണ്ടായില്ല.
യുവതിയെയും മാതാവിനെയും വീട്ടിൽ തനിച്ചാക്കി പോകാനുള്ള ഭയവും വിദേശത്തേക്ക് കടക്കാനുള്ള കാരണമായി പറയുന്നു. പുലർച്ചെ സംഭവം നടന്നിട്ടും കുറ്റ്യാടി പൊലീസ് മൊഴിയെടുക്കാനെത്തിയത് വൈകീട്ടാണെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പൊലീസ് ഉദാസീനതക്കെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ല പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിവിധ പാർട്ടി നേതാക്കൾ ഇവരുടെ വീട് സന്ദർശിച്ചിരുന്നെങ്കിലും ആരും യുവതിക്ക് നീതിയാവശ്യപ്പെട്ട് പരസ്യ പ്രസ്താവന നടത്തുകയുണ്ടായില്ല. മഹിള കോൺഗ്രസ് മാത്രമാണ് രംഗത്തു വന്നത്. പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് അവർ കുറ്റ്യാടി സി.ഐക്ക് നിവേദനം നൽകുകയുണ്ടായി. ഒക്ടോബർ 2ന് സത്യഗ്രഹവും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.