കുറ്റ്യാടി: ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട്ടിലെ ഉപയോഗശൂന്യമായ കിണറിലെ മണ്ണും ചളിയും കോരി വറ്റിച്ച നിലയിൽ. വനഭൂമിയിലുള്ള പുരാതന ക്ഷേത്രത്തിന്റെ 200 മീറ്റർ അകലെയാണ് കിണർ. ദിവസങ്ങളെടുത്ത് ചെയ്ത പ്രവൃത്തി പൂർത്തിയാവാൻ നേരത്താണ് വനം വകുപ്പ് അധികൃതർ അറിയുന്നത്.
കിണറിനുസമീപം കണ്ടെത്തിയ പണിയായുധങ്ങളും കയറും കസ്റ്റഡിയിലെടുത്തു. ആരാണ് മണ്ണുനീക്കിയതെന്നും എന്തിനാണെന്നും വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ഉപയോഗിക്കാത്ത കിണർ ശുചീകരിക്കേണ്ട ഒരാവശ്യവുമില്ല. അതിനിടെ കിണറ്റിൽ നിധിയുണ്ടാവുമെന്നുകരുതി അത് കണ്ടെത്താൻ ചെയ്ത പ്രവൃത്തിയായിരിക്കുമെന്നും പറയുന്നു.
കുറ്റ്യാടി റേഞ്ച് ഓഫിസർ അബ്ദുല്ല, ഫോറസ്റ്റർ രഞ്ജിത്ത്, ഗ്രേഡ് ഫോറസ്റ്റർ റജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വനസംരക്ഷണ സമിതി ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. ഉൾഭാഗത്തായതിനാലാണ് പ്രവൃത്തി കണ്ടെത്താൻ കഴിയാതിരുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.