കുറ്റ്യാടി: ടൗണിൽ ഓട്ടോ ഡ്രൈവർക്കുനേരെ നടന്ന ഗുണ്ട ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ മാസം 21ന് പുലർച്ച അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ മാമ്പ്ര ജലീലിനെ (49) മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മലപ്പുറം അങ്ങാടിപ്പുറം ഒടുവിൽ ഇല്യാസിനെയാണ് (40) കുറ്റ്യാടി എസ്.ഐ പി. ഷമീർ അറസ്റ്റ് ചെയ്തത്.
ജലവിതരണ പദ്ധതി പൈപ്പ് ലൈൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തളീക്കരയിൽ വാടക്ക് താമസിക്കുകയായിരുന്നു പ്രതി. പുലർച്ച വയനാട്ടിലേക്ക് ഓട്ടം വിളിച്ചിട്ട് പോകാത്തതിലുള്ള വിരോധമാണ് പിന്നീട് ബുള്ളറ്റിലെത്തി നടത്തിയ ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ആദ്യം ചുറ്റികകൊണ്ട് ഓട്ടോയുടെ ചില്ല് തകർക്കുകയും പിന്നീട് ജലീലിനെ തലക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതിയുമായി മൽപിടുത്തം നടക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തതോടെയാണ് പിന്മാറിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ സർവകക്ഷിയോഗം പ്രതിഷേധിച്ചിരുന്നു. മഞ്ചേരിയിൽനിന്നാണ് ഇല്യാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.