കുറ്റ്യാടി: സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി സ്വർണാഭരണം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി ഷമീനയുടെ വീട്ടിൽ നിന്ന് ആറ് പവൻ കവർന്ന കേസിൽ നടുപ്പൊയിൽ കളത്തിൽ ബുഷ്റയെയാണ് (40) തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ പഠിച്ച പരിചയത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഓട്ടോയിൽ ബുഷ്റ വീട്ടിൽ വന്നത്. ക്ലാസിന്‍റെ വാട്സാപ് ഗ്രൂപ്പിൽ ഇരുവരും ചാറ്റ് ചെയ്യാറുണ്ടത്രെ. വീട്ടുകാരി അതിഥിക്കായി അടുക്കളയിൽ ചായയുണ്ടാക്കുന്ന സമയം ബുഷ്റ അലമാരിയിൽ സൂക്ഷിച്ച അഞ്ചര പവന്‍റെ മാലയും അര പവൻ മോതിരവും മോഷ്ടിച്ചെന്നാണ് കേസ്.
അതേ ഓട്ടോയിൽ തന്നെയാണ് തിരിച്ചു പോയത്. ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് അറിയുന്നത്. തൊട്ടിൽപ്പാലം എസ്.ഐ സജിയും സംഘവും യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. എന്നാൽ തിരിച്ചു പോകുമ്പോൾ തളീക്കര ഭാഗത്ത് യുവതി എന്തോ പുറത്തേക്ക് എറിഞ്ഞതായി ഡ്രൈവർ പറഞ്ഞു. ആഭണം സൂക്ഷിച്ച കവറും പെട്ടിയുമായിരുന്നു അത്. പിന്നീട് തിരച്ചിലിൽ കണ്ടെത്തി. തുടർന്ന് യുവതി കുറ്റം സമ്മതിക്കുകയും കുറ്റ്യാടിയിലെ ഒരു ബാങ്കിൽ ആഭരണങ്ങൾ പണയം വെച്ചതായി അറിയിക്കുകയും ചെയ്തു.
നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് സാഹചര്യത്തിൽ ജാമ്യത്തിൽ വിട്ടു. അന്വേഷണോദ്യോഗസ്ഥനായ തൊട്ടിൽപ്പാലം എസ്.ഐക്ക് മുമ്പാകെ ഹാജരാവണം എന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.