കുറ്റ്യാടി: നാളികേര കർഷകരുടെ ദുരവസ്ഥ സഭയിൽ വിവരിച്ച് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. ഉൽപാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ തേങ്ങക്ക് ലഭിക്കുന്ന വില തുച്ഛമാണ്. എല്ലാ ചെലവുകളും അടക്കം 13.94 രൂപ വേണ്ടിവരുമ്പോൾ വിറ്റാൽ കിട്ടുന്നത് എട്ടു രൂപ മാത്രം! കമീഷൻ ഫോർ അഗ്രികൾചർ കോസ്റ്റ് ആൻഡ് പ്രൈസസ് ആണ് കണക്ക് തയാറാക്കിയത്. എന്നാൽ യഥാർഥ ചെലവ് 15 രൂപയിൽ കൂടുതലാണ്. വർഷം 600 കോടി തേങ്ങ കേരളത്തിൽ ഉൽപാദിപ്പിക്കുന്നു. 1993-94 കാലഘട്ടത്തിൽ തേങ്ങക്ക് ആറ് രൂപ കിട്ടിയിരുന്നു. അന്ന് ഒരു കിലോ അരിക്ക് മൂന്ന് രൂപയും. ഒരു തേങ്ങക്ക് രണ്ടു കിലോ അരി കിട്ടിയിരുന്നു. അരിയുടെ വിലയുമായി താരതമ്യം ചെയ്താൽ തേങ്ങക്ക് ഇന്ന് 80 രൂപ കിട്ടണം. ഇപ്പോൾ ഒരു തേങ്ങ കൊടുത്താൽ ഒരു കോഴിമുട്ട കിട്ടാത്ത സാഹചര്യമായി നാട്ടിൽ. ദുരവസ്ഥക്ക് കാരണം കേന്ദ്രത്തിലെ മുൻ കോൺഗ്രസ് സർക്കാറിന്റെ പുത്തൻ സാമ്പത്തിക നയവും ഉദാരവത്കരണവുമാണ്.
ഇപ്പോൾ ബി.ജെ.പി സർക്കാറും ആ നയം ശക്തമായി നടപ്പാക്കുന്നു. വിലയിടിവ് നാളികേര ഉൽപാദന മേഖലയെ ഒന്നടങ്കം ബാധിച്ചു. 1980കളിൽ കോഴിക്കോട് ജില്ലയിൽ 100 കോടി നാളികേരം ഉൽപാദിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴത് 48 കോടിയായി കുറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ വലിയതോതിൽ ഉൽപാദനം പിറകോട്ടുപോകാൻ സാധ്യതയുണ്ട്. വർഷകാലത്ത് നടക്കാറുള്ള തെങ്ങിന്റെ പരിചരണം എവിടെയും നടക്കുന്നില്ല. സർക്കാർ 34 രൂപ തേങ്ങക്ക് സംഭരണ വില ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അത് എല്ലാ കർഷകർക്കും കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കണം. 125 കേന്ദ്രങ്ങളിൽ മാത്രമാണ് ഇത്. ഇത് അപര്യാപ്തമാണ്. ഒരു പഞ്ചായത്തിൽ ഒരു സംഭരണ കേന്ദ്രമെങ്കിലും ഉണ്ടാകണം.
മൂന്നാഴ്ചയിലൊരിക്കൽ തേങ്ങ എടുക്കുന്ന അവസ്ഥ മാറ്റി ആഴ്ചയിൽ അഞ്ചു ദിവസം സംഭരണം നടത്തണം. തെങ്ങൊന്നിന് 100 തേങ്ങ എന്നനിലയിൽ കർഷകനിൽനിന്ന് സംഭരിക്കണം. വില പെട്ടെന്ന് കൊടുക്കാൻ നടപടി വേണം. അയൽസംസ്ഥാനങ്ങളിലുള്ള പോലെ കേരളത്തിലും ഉണ്ടക്കൊപ്ര സംഭരണം നടപ്പാക്കണം. കേരളത്തിലെ വിലയേക്കാൾ 1500 രൂപ അധികം അവിടങ്ങളിലുണ്ട്. കൃഷി വകുപ്പിന് വിത്തു നാളികേരം നൽകിയ കർഷകർക്ക് പണം ലഭിക്കുന്നുമില്ല. ഓണത്തിനുമുമ്പ് കൊടുത്തുതീർക്കണമെന്നും കെ.പി. കുഞ്ഞമ്മദ്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.