കുറ്റ്യാടി: ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുകയാണ്. വേനൽ കടുത്തതോടെ വെള്ളവും തീറ്റയും തേടി മറ്റ് മൃഗങ്ങൾക്കൊപ്പം കാട്ടുപന്നികൾ നാട്ടിലെത്തി.
നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യംമൂലം രാത്രി പുറത്തിറങ്ങാൻ ജനം ഭയപ്പെടുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിലാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചെങ്കിലും സാധ്യമായില്ല.
ഇതിനെ തുടർന്ന് പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അനുമതി നൽകാൻ നിയമം നിർമിച്ചെങ്കിലും കൃഷിക്കാർക്ക് ലൈൻസുള്ള തോക്കില്ലാത്തതു കൊണ്ട് പന്നിയെ നേരിടാൻ കഴിയുന്നില്ല.
വടകര താലൂക്കിലെ കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ 21 കൃഷിക്കാർ തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി കയറി ഇറങ്ങാത്ത ഓഫിസുകളില്ല. പൊലീസ്, ഫോറസ്റ്റ്, റവന്യൂ ഡിപ്പാർട്ട്മെന്റുകളുടെ അനുമതി ലഭിച്ചാലേ ആയുധ ലൈസൻസ് കിട്ടുകയുള്ളൂ.
ചില കർഷകർക്ക് ഈ മൂന്ന് ഓഫിസുകളും അനുമതി നൽകിയെങ്കിലും അന്തിമ അനുമതി നൽകേണ്ട കോഴിക്കോട് എ.ഡി.എം വിവിധ ന്യായങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗതീരുമാനത്തെ തുടർന്ന് അംഗീകൃത അക്രഡിറ്റഡ് സ്ഥാപനങ്ങളിൽനിന്നും ആയുധ പരിശീലന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നവർക്ക് തോക്ക് ലൈസൻസ് നൽകാൻ ഉത്തരവ് ഇറക്കിയെങ്കിലും കോഴിക്കോട് എ.ഡി.എം ഇത് പരിഗണിക്കുന്നില്ലെന്നും അപേക്ഷകർ പറയുന്നു.
ഭരണകക്ഷിയുടെ കർഷക സംഘടന ഈ ആവശ്യം ഉന്നയിച്ച് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ മലയോരങ്ങളിൽ അവശേഷിക്കുന്ന കർഷകർകൂടി കൃഷിയിടം ഉപേക്ഷിച്ച് പോകുന്നതോടെ ഉൽപാദനക്കുറവും പാരിസ്ഥിതിക പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയാതെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.