കുറ്റ്യാടി: ഗവ.സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് കിട്ടിയിട്ടും കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസിന് സീറ്റ് കിട്ടാത്ത വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സ്കൂളധികൃതരെ അറിയിച്ചു.
‘ഫുൾ എപ്ലസുണ്ട്: പ്ലസ്ടു സയൻസിന് സീറ്റില്ല’ എന്ന് ‘മാധ്യമം’ വാർത്തയെ തുടർന്ന് സ്കൂളധികൃതരിൽനിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു. തുടന്നാണ് വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അറിയിച്ചത്. ചില കുട്ടികൾ നേരിട്ട് എം.എൽ.എക്ക് പരാതിയും നൽകിയിട്ടുണ്ട്. കുറ്റ്യാടിയിൽ കൂടുതൽ ബാച്ച് ലഭ്യമാക്കാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 110 കുട്ടികൾക്ക് ഈ വർഷം എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എപ്ലസ് ഗ്രേഡ് കിട്ടിയിരുന്നു. എന്നാൽ, ഇവരിൽ പരിസര പഞ്ചായത്തുകളിലുള്ള പല കുട്ടികൾക്കും കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറിയിൽ സീറ്റ് കിട്ടിയിട്ടില്ല. മരുതോങ്കര, കായക്കൊടി, വേളം, ചങ്ങരോത്ത്, കാവിലുമ്പാറ പഞ്ചായത്തുകളിലുള്ള കുട്ടികൾക്കാണ് സീറ്റ് ലഭിക്കാതെ പോയത്.
ചങ്ങരോത്ത് പഞ്ചായത്ത് ഒഴികെ മറ്റുള്ളവരെല്ലാം ഒരേ താലൂക്കുകാരാണ്. അതിനാൽ അവിടെയുള്ള കുട്ടികൾ റാങ്കിന്റെ കാര്യത്തിൽ വീണ്ടും പിന്നിലാവും. മറ്റു പഞ്ചായത്തുകളിൽ സ്കൗട്ട് , ഗൈഡ്, ജെ.ആർ.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ് തുടങ്ങിയവയിൽ അംഗങ്ങളായ കുട്ടികൾക്ക് കുറ്റ്യാടി സ്കൂളിൽ സീറ്റ് കിട്ടിയിട്ടുണ്ട്.
അതില്ലാത്തവരാണ് അവസരം ലഭിക്കാത്തവരിൽ ഏറെയും. കുറ്റ്യാടി സ്കൂളിൽ പഠിച്ച് ഫുൾ എ പ്ലസ് ലഭിച്ച കുട്ടികളിൽ എത്രപേർക്ക് കുറ്റ്യാടിയിൽ പ്ലസ്ടു സയൻസിന് സീറ്റ് ലഭിക്കാത്തതുണ്ട് എന്ന വിവരം ശേഖരിച്ചു വരുകയാണെന്ന് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. ഷമീം പറഞ്ഞു. സീറ്റ് കിട്ടാത്ത കുട്ടികളിൽ നിന്ന് നിവേദനം വാങ്ങി എം.എൽ. എക്ക് സമർപ്പിക്കും.
നിവലവിൽ കുറ്റ്യാടിയിൽ സയൻസ് : 195, കോമേഴ്സ്: 195, ഹ്യുമാനിറ്റീസ്: 65 എന്നിങ്ങനെ സീറ്റുകളാണുള്ളത്. ഇതിൽ സയൻസ് 143, കോമേഴ്സ്: 63, ഹ്യുമാനിറ്റീസ് 47എന്നിങ്ങനെ സീറ്റുകളിൽ സ്ഥിരം അഡ്മിഷൻ നടന്നതായി പ്രിൻസിപ്പൽ അറിയിച്ചു. സംവരണ വിഭാഗങ്ങളിൽപെട്ട കുട്ടികളാണ് ഇനി അഡ്മിഷൻ നേടാൻ ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.