കുറ്റ്യാടി: ഊരത്ത് ലിനീഷ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷപരിപാടികൾ സമയപരിധി കഴിഞ്ഞിട്ടും തുടർന്നതിന്റെ പേരിൽ സി.പി.എം, ഡി.വൈ.എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത് വിവാദമായി. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ലിനീഷിന്റെ ചരമദിനമായ കഴിഞ്ഞ 16ന് നടത്തിയ പരിപാടിയുടെ സംഘാടകരും പ്രസംഗകരുമായ നേതാക്കൾക്കെതിരെ കേസെടുത്തിന്റെ പേരിലാണ് വിവാദം.
എന്നാൽ, പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മറ്റു സ്ഥലങ്ങളിൽ നടത്തിയ പാർട്ടി പരിപാടികൾ വൈകിയിട്ടും വിഷുവാഘോഷം നേരംപുലരും വരെ തുടർന്നിട്ടും നടപടിയെടുക്കാത്ത പൊലീസ് ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് ഊരത്തെ പരിപാടിയുടെ പേരിൽ കേസെടുത്തതെന്ന ആരോപണമുയർന്നു.
പരിപാടിയിൽ സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ഡി.വൈ.എഫ്.ഐ ഭാരവാഹികൾ, പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്.
കുന്നുമ്മൽ കണാരൻ, പി.സി. രവീന്ദ്രൻ, സി.കെ. ബാബു, ഒ.പി. ബാബു, പ്രമോദ്, ഇന്ദ്രജിത്ത്, സുരേഷ് എന്നിവർക്കെതിരെയാണ് 16ന് രാത്രി 10 മണിമുതൽ 17ന് പുലർച്ചെ രണ്ടേകാൽ വരെ പരിപാടി നീണ്ടുപോയതിന് ക്രിമിനൽ നടപടിക്രമം 154 പ്രകാരം കേസെടുത്തത്.
കൂടാതെ കണ്ടാലറിയാവുന്ന നൂറുപേരും പ്രതികളാണ്. എന്നാൽ, പരിപാടിയിൽ സംസാരിച്ച ഒരു ഗ്രാമപഞ്ചായത്തംഗത്തെയും മറ്റൊരാളെയും പ്രതി ചേർത്തിട്ടില്ലെന്നും പറയുന്നു.
സംഭവസ്ഥലത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരമാണ് കേസ്. അന്യായമായി സംഘടിച്ച് ഉച്ചഭാഷിണി ഉപയോഗിച്ച് പ്രദേശവാസികളായ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതായി അന്യായക്കാരൻ കണ്ടതായും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.