കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർ സർവകക്ഷി ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന സമരം നൂറുദിനം പിന്നിട്ടു. നിക്ഷേപിച്ച സ്വർണവും പണവും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി കുളങ്ങരത്താഴയിൽ പന്തൽ കെട്ടി നടത്തിവന്ന സമരം നൂറ് ദിവസമായതിനാൽ തിങ്കളാഴ്ച കുറ്റ്യാടി ടൗണിലെ ജ്വല്ലറിക്കു മുന്നിലാക്കി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരത്തിൽ അണിചേർന്നു.
ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം എ.എം. റഷീദ്, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ. മുഹമ്മദ് ബഷീർ, എൻ.സി. കുമാരൻ, എസ്.ടി.യു ജില്ല കമ്മിറ്റി അംഗവും ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ ഇ.എ. റഹ്മാൻ, ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻകണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം ആഗസ്റ്റ് 26നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്.
മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം പരാതികളാണ് ഉണ്ടായിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും രോഗികളും നിർധനരുമായ സ്ത്രീകൾ ഉൾപ്പെടെയാണ് തട്ടിപ്പിന് ഇരയായത്. അതേസമയം, ജാമ്യത്തിലിറങ്ങിയ മുതലാളിമാരും മാനേജർമാരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ കറങ്ങിനടക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. ഇവരെ ചർച്ചക്ക് എത്തിക്കാൻ സമരസഹായ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.