പയ്യോളി/കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കേന്ദ്രീകരിച്ചു നടന്ന സ്വർണ - നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി,കുറ്റ്യാടി ശാഖകളിൽ പൊലീസ് പരിശോധന. കുറ്റ്യാടി ശാഖയിൽനിന്ന് ഒന്നേ മുക്കാൽ കിലോ (1788 ഗ്രാം) സർണവും ഏഴു കിലോയോളം വെള്ളിയുമാണ് ലഭിച്ചത്.
ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ തുടർന്ന പരിശോധന നടപടികൾക്ക് നാദാപുരം ഡിവൈ.എസ്.പി ജേക്കബ്, കുറ്റ്യാടി സി.െഎ ഫർഷാദ് എന്നിവർ നേതൃത്വം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ, അംഗം ഹാഷിം നമ്പാടൻ, ജ്വല്ലറി ജീവനക്കാരൻ ജിമ്മി, നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി കൺവീനർ പി. സുബൈർ, കെട്ടിടം ഉടമ എം. ഷഫീഖ് എന്നിവരെ പരിശോധന സമയത്ത്് അകത്ത് പ്രവേശിപ്പിച്ചിരുന്നു.
മൂന്നുമണിയോടെ പൊലീസ് കസ്റ്റഡിയിലുള്ള ജ്വല്ലറി മാനേജിങ് പാർട്ണർ വി.പി. ഷബീറിനെയും കൊണ്ടുവന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കും. നിക്ഷേപകരുടേത് മാത്രം 14 കിലോ സർണവും ഒമ്പതുകോടി രൂപയുമുള്ളതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
പയ്യോളി ശാഖയിൽ വൈകീട്ട് അഞ്ചോടെ തുടങ്ങിയ പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. നാലരപ്പവൻ സ്വർണാഭരണങ്ങളും രണ്ട് കിലോ വെള്ളിയും 8730 രൂപയും മാത്രമാണ് ലഭിച്ചത്. മില്ലിഗ്രാം തൂക്കത്തിലുള്ള വളരെ ചെറിയതരം സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്.
സ്ട്രോങ് റൂം ഉൾെപ്പടെ പൊലീസ് മുഴുവൻ സ്ഥലങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടില്‍നിന്ന്‍ കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ചാണ് ജ്വല്ലറി തുറന്നത്.
വടകര ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫ്, പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബു, എസ്.ഐ മാരായ എ.കെ. സജീഷ്, വി.പി. രാമകൃഷ്ണന്‍, കെ.ടി. രാജേഷ് , സൈബർ വിഭാഗം ഓഫിസർ എം.കെ. സുരേഷ് , സ്വർണൃ അപ്രൈസര്‍മാരായ രവീന്ദ്രന്‍ അമ്പാടി, ടി.കെ. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പയ്യോളി നഗരസഭ വൈസ് ചെയര്‍പേഴ്സൻ സി.പി. ഫാത്തിമ, കൗണ്‍സിലര്‍ കെ.സി. ബാബുരാജ് എന്നിവരും പങ്കെടുത്തു.
കല്ലാച്ചി ശാഖ അടുത്ത ദിവസം പരിശോധിക്കും. വെള്ളിയാഴ്ച മുതൽ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട ഷബീറിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
നിക്ഷേപ തട്ടിപ്പ്: ജ്വല്ലറി ഉടമ റിമാൻഡിൽ
നാദാപുരം: നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കല്ലാച്ചി ന്യൂ ഗോൾഡ് പാലസ് ഉടമയും ബ്രാഞ്ച് മാനേജറുമായ വടയം സ്വദേശി വെള്ളാ പറമ്പത്ത് റുംഷാദിനെ (29) നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിൻെറ ഭാഗമായി കുറ്റ്യാടി, പയ്യോളി ടൗണുകളിലെ ഗോൾഡ് പാലസിനു സമീപം കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു.വെള്ളിയാഴ്ച രാവിലെയാണ് റുംഷാദിനെ നാദാപുരം പൊലീസ് വടയത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. മെറ്റാരു ഉടമ കുളങ്ങരത്ത് താഴയിലെ സബീറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കല്ലാച്ചിയിലെ ജ്വല്ലറി കേന്ദ്രീകരിച്ച് മാത്രം ആറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.മാനഹാനി ഭയന്ന് തുടക്കത്തിൽ പരാതി നൽകാൻ വിമുഖത കാണിച്ച പലരും അടുത്ത ദിവസങ്ങളിലായി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ നാദാപുരം, കുറ്റ്യാടി സ്റ്റേഷനുകളിലായി 450ഓളം പരാതികൾ എത്തിയിട്ടുണ്ട്. 123 പരാതികൾ രജിസ്റ്റർ ചെയ്തു.
തവണ വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ച നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ജ്വല്ലറി നിയമിച്ച ഏജൻറുമാർ മുഖേനയാണ് പലരും പണം നൽകിയത്. കഴിഞ്ഞ ആഴ്ച മുതൽ ജ്വല്ലറി അടഞ്ഞുകിടക്കുന്നതിനാൽ സ്വർണ ഉരുപ്പടികൾ ജ്വല്ലറിക്കകത്ത് ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അടുത്ത ദിവസങ്ങളിൽ പ്രതികളുമായി ജ്വല്ലറി തുറന്നു പരിശോധിക്കും. ഇതിനു ശേഷമേ ജ്വല്ലറിയിൽ ആസ്തികൾ ശേഷിപ്പുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയൂവെന്ന് പൊലീസ് സൂചന നൽകി. ആദ്യം അറസ്റ്റിലായ വടക്കേ പറമ്പത്ത് സബീറിനെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.മൂന്നു ജ്വല്ലറികളിലുംകൂടി ഏകദേശം 50 കോടിയിലധികം രൂപ ജ്വല്ലറി ഉടമകൾ നിക്ഷേപമായി സ്വീകരിച്ചതായാണ് സൂചന.
യു.ഡി.എഫ് ധർണ നടത്തി
കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പമാണ് യു.ഡി.എഫ് നേതൃത്വമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, നിക്ഷേപകരുടെ സ്വർണവും പണവും തിരിച്ചു ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ജ്വല്ലറിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, എം.കെ. അബ്ദുല്‍ റഹ്മാന്, ശ്രീജേഷ് ഊരത്ത്, ഒ.സി. കരിം, ടി.കെ. കുട്ട്യാലി, കെ.പി. അബ്ദുല്‍ മജീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.