കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ സമരം ശക്തിയാർജിക്കുന്നു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തേക്ക് കടന്നു.
കുറ്റ്യാടി ഗ്രാമപഞ്ചായത്തംഗം വടയത്തെ ടി.കെ. കുട്ട്യാലിയുടെ വീടിനു മുമ്പിലാണ് വ്യാഴാഴ്ച ധർണ്ണ നടന്നത്. ജ്വല്ലറിയുടെ പയ്യോളി ശാഖ മാനേജർ വടയം തേവർകണ്ടി സാലിം അലി (33) ഇദ്ദേഹത്തിന്റെ മകനാണ്. പയ്യോളി പൊലീസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതിയായ ഇയാളും വടയം കക്കട്ടിൽ ഷബീറും ആറ് മാസത്തോളം ഒളിവിലായിരുന്നു.
മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വി.പി.സബീർ, കുറ്റ്യാടി ശാഖ മാനേജർ കരണ്ടോട് സബീൽ എന്നിവർ കുറ്റ്യാടി, നാദാപുരം, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ ചാർജ്ജ് ചെയ്ത കേസുകളിൽ പ്രതിയാണ്. പയ്യോളി കേസിൽ ഇസ്മാഈൽ എന്നൊരാൾ കൂടി അറസ്റ്റിലാവാനുണ്ട്.
വടയത്ത് നടന്ന സമരത്തിന് ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജിറാഷ്, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി,ഷമീമ ഷാജഹാൻ, പി.കെ.മഹബുബ്, മൂസ ഹാജി വാണിമേൽ, നൗഫൽ എന്നിവർ നേതൃത്വം നൽകി.സമരം മറ്റ് വീടുകൾക്ക് മുമ്പിൽ കൂടി തുടരുമെന്നും അറിയിച്ചു.
അതേസമയം, ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളിയിൽ രണ്ടു പേര്‍കൂടി പൊലീസിന് കീഴടങ്ങി. വടയം സ്വദേശികളായ കക്കട്ടില്‍ ഷബീര്‍ (36), തേവര്‍കണ്ടിയില്‍ സാലിം അലി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാലും അഞ്ചും പ്രതികളായ ഇവര്‍ അഞ്ചു മാസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടരന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഒന്നും രണ്ടും പ്രതികളായ കുറ്റ്യാടി സ്വദേശികളായ വി.പി. സാബിര്‍, പി. സബീല്‍ തൊടുവയില്‍, മൂന്നാം പ്രതി തിക്കോടി സ്വദേശി മൊയ്തീൻ ഹാജി എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഇനിയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.
2021 ആഗസ്റ്റ് 27നാണ് ജ്വല്ലറിയുടെ പയ്യോളി, കുറ്റ്യാടി, കല്ലാച്ചി ശാഖകൾ പൂട്ടി ഉടമകൾ മുങ്ങിയത്. തുടർന്ന് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിക്ഷേപമായി ജ്വല്ലറിയിൽ നൽകിയ പണവും സ്വർണവുമാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. പയ്യോളി ശാഖയിൽനിന്നു മാത്രം അറുപതിലധികം പരാതികളിലായി രണ്ടു കോടിയിലധികം നഷ്ടമായിട്ടുണ്ട്.
നിക്ഷേപകരുടെ നഷ്ടപ്പെട്ട മുഴുവൻ പണവും സ്വർണവും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മേഖലയിലെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഉടമകളുടെ വീട്ടുപടിക്കൽ അനിശ്ചിതകാല സമരത്തിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതികൾ നിക്ഷേപകരുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.