കുറ്റ്യാടി: രണ്ടു സ്റ്റേഷനുകളിലെ പൊലീസുകാരുടെ അവസരോചിത ഇടപെടലില്‍ കൊല്ലം പാറപ്പള്ളിയില്‍നിന്ന് രക്ഷിച്ചത് വിലപ്പെട്ട നാലു ജീവനുകള്‍. കടലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച കുറ്റ്യാടി മേഖലയിലെ ഒരമ്മയും മൂന്നു കുഞ്ഞുങ്ങളുമാണ് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സംഘത്തിന്റെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മൂന്നു കുഞ്ഞുങ്ങളെയും വിളിച്ച് അമ്മ പോയതില്‍ അസ്വാഭാവികത തോന്നിയ സ്കൂള്‍ അധികൃതര്‍ കുറ്റ്യാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് കുറ്റ്യാടി സി.ഐ ഷിജു പറഞ്ഞു. ഇതോടെ ആ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടർന്നു. കൊല്ലം മന്ദമംഗലം പരിസരത്ത് ഇവര്‍ ഉള്ളതായി വ്യക്തമായതോടെ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയിലെ ഗ്രേഡ് എസ്.ഐ തങ്കരാജ് വിവരം ലഭിച്ചയുടന്‍ തന്നെ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചു. എന്നാല്‍, കുടുംബം അവിടെനിന്ന് മാറി.വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല്ലം പാറപ്പള്ളി ഭാഗത്താണെന്ന് മനസ്സിലായി. ഉടൻ പൊലീസ് സംഘം പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു അവർ. പൊലീസ് സംഘം പിഞ്ചുകുട്ടികളെയും അമ്മയെയും ജീപ്പില്‍ കയറ്റി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് കുറ്റ്യാടി പൊലീസിനു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.