കുറ്റ്യാടി: കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപാസ് പ്രവൃത്തിയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ. മേയ് അവസാനത്തോടെ ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു. കെട്ടിടങ്ങൾക്കുള്ള വിലനിർണയമുൾപ്പെടെ പൂർത്തീകരിച്ചിട്ടുണ്ട്.
സ്ഥലമെടുപ്പിന് സമാന്തരമായി പ്രവൃത്തിയുടെ ടെൻഡർ നടപടി ആരംഭിച്ചാൽ നിർമാണപ്രവൃത്തി ഈ വർഷം തന്നെ തുടങ്ങാൻ സാധിക്കും. പ്രവൃത്തി അതിവേഗം ആരംഭിക്കുന്നതിന്റെ ഭാഗമായി പദ്ധതിക്ക് ഭൂമി വിട്ടുനൽകുന്നവരിൽനിന്നും സമ്മതപത്രം സ്വീകരിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ച് 2021 ജൂലൈയിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്.
ഒരു മാസത്തിന് ശേഷം 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സാധിക്കും. ലാൻഡ് അക്വിസിഷൻ പൂർത്തിയാകുന്ന മുറക്ക് പ്രവൃത്തിയുടെ ടെൻഡർ ആഗസ്റ്റ് അവസാനവാരം ക്ഷണിക്കും. ഭൂമി വിട്ടുനൽകുന്ന പ്രദേശവാസികളുടെ സംശയങ്ങൾക്ക് യോഗത്തിൽവെച്ച് തഹസിൽദാറും എൻജിനീയറും മറുപടി നൽകി.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് കെ. മോഹൻദാസ്, ലാൻഡ് അക്വിസിഷൻ തഹസിൽദാർ മുരളി, ആർ.ബി.ഡി.സി.കെ എൻജിനീയർ അതുൽ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.